ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകർത്ത് ആസ്ട്രേലിയക്ക് രണ്ടാം ജയം
text_fieldsദുബൈ: ട്വൻറി20 ലോകകപ്പ് ഗ്രൂപ് ഒന്നിൽ രണ്ടാം ജയവുമായി ആസ്ട്രേലിയ. ആദ്യ കളി ജയിച്ചെത്തിയ ടീമുകളുടെ അങ്കത്തിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഓസീസ് തകർത്തത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത് ലങ്കയെ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിലൊതുക്കിയ ഓസീസ് 18 പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഏറക്കാലത്തിനുശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ഓപണർ ഡേവിഡ് വാർണറുടെ (42 പന്തിൽ 65) മികവിലാണ് ഓസീസ് അനായാസം വിജയതീരമണഞ്ഞത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (23 പന്തിൽ 37), സ്റ്റീവൻ സ്മിത്ത് (26*), മാർകസ് സ്റ്റോയ്നിസ് (16*) എന്നിവരും തിളങ്ങി. ഗ്ലെൻ മാക്സ്വെൽ (5) വേഗം പുറത്തായി.
നേരത്തേ, പത്താം ഓവറിൽ ഒരു വിക്കറ്റിന് 78 റൺസെന്ന മികച്ച നിലയിലായിരുന്ന ലങ്ക പൊടുന്നനെ തകർച്ച നേരിടുകയായിരുന്നു. 16 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായതോടെ 13ാം ഓവറിൽ അഞ്ചിന് 94 നിലയിലേക്ക് കൂപ്പുകുത്തിയ ലങ്കക്കാർ പിന്നീട് ഒരുവിധം പിടിച്ചുനിന്ന് 150 കടക്കുകയായിരുന്നു.
രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ ആദം സാംപയും പേസർമാരായ മിച്ചൽ സ്റ്റാർകും പാറ്റ് കമ്മിൻസും ചേർന്നാണ് ലങ്കയെ ഒതുക്കിയത്. സാംപയാണ് മാൻ ഓഫ് ദ മാച്ച്.
35 റൺസ് വീതമെടുത്ത കുശാൽ പെരേരയും ചരിത് അസലങ്കയുമാണ് ലങ്കക്ക് മികച്ച തുടക്കം നൽകിയത്. പാതും നിസാങ്ക (7) പെട്ടെന്ന് മടങ്ങിയതിനെ തുടർന്ന് ഒത്തുചേർന്ന ഇരുവരും ഓസീസ് ബൗളിങ്ങിനെ അനായാസം നേരിട്ടപ്പോൾ ലങ്കൻ സ്കോർ കുതിച്ചുയർന്നു. കഴിഞ്ഞ കളിയിലെ തകർപ്പൻ ഫോം തുടർന്ന അസലങ്കക്ക് പെരേര മികച്ച പിന്തുണയേകി.
അസലങ്കയെ സാംപ വീഴ്ത്തിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നാലെ പെരേരയെയും വാനിന്ദു ഹസരങ്കയെയും (4) സ്റ്റാർകും അവിഷ്ക ഫെർണാണ്ടോയെ (4) സാംപയും മടക്കിയതോടെ ഓസീസിന് മുൻതൂക്കമായി.
പിന്നീട് പ്രത്യാക്രമണം നടത്തിയ ഭാനുക രാജപക്സെയാണ് (33*) ലങ്കക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. നായകൻ ദാസുൻ ശാനകയെ (12) കൂട്ടുപിടിച്ചായിരുന്നു രാജപക്സെയുടെ രക്ഷാപ്രവർത്തനം. ചാമിക കരുണരത്നെ (9*) രാജപക്സെക്കൊപ്പം പുറത്താവാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.