ജയിക്കാൻ ഒരു ഓവറിൽ അഞ്ചു റൺസ്; ആറു പന്തിൽ ആറു വിക്കറ്റെടുത്ത് ഓസീസ് താരത്തിന്‍റെ ‘അദ്ഭുത പ്രകടനം’
text_fieldsബ്രിസ്ബേൻ: ഹാട്രിക് നേടുകയെന്നത് ഏതൊരു ബൗളറുടെയും സ്വപ്നമാണ്. ക്രിക്കറ്റിൽ അപൂർവമായി മാത്രം നടക്കുന്ന കാര്യം. എന്നാൽ, ഒരു ഓവറിൽ ആറു വിക്കറ്റെടുക്കുക, അതായത് രണ്ട് ഹാട്രിക്, അതും എതിർ ടീമിന് ജയിക്കാൻ അവസാന ഓവറിൽ അഞ്ചു റൺസ് മാത്രമുള്ളപ്പോൾ.
ആസ്ട്രേലിയയിലെ പ്രാദേശിക ക്രിക്കറ്റ് ലീഗാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവത്തിന് വേദിയായത്. ഗോൾഡ് കോസ്റ്റ് പ്രീമിയർ ലീഗിൽ മുദ്ഗീരബ നെരാങ്ങിന്‍റെ നായകൻ കൂടിയായ ഗാരെത് മോർഗനാണ് അത്ഭുത പ്രകടനവുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. നേരത്തേ, 38 പന്തിൽ 39 റൺസുമായി ടീമിന്‍റെ ടോപ് സ്കോററായതും മോർഗൻ തന്നെ.
കഴിഞ്ഞദിസമാണ് മുദ്ഗീരബ നെരാങ്ങും സർഫേഴ്സ് പാരഡൈസും തമ്മിൽ 40 ഓവർ മത്സരത്തിൽ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത മുദ്ഗീരബ 178 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സർഫേഴ്സ് പാരഡൈസ് 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിലായിരുന്നു. ആറു വിക്കറ്റ് കൈയിലിരിക്കെ, അവസാന ഓവറിൽ ജയിക്കാൻ വെറും അഞ്ച് റൺസ് മാത്രം.
നാലു റൺസെടുത്താൽ മത്സരം സമനിലയിലും. പന്തെറിയാനെത്തിയത് മുദ്ഗീരബ നായകൻ കൂടിയായ ഗാരെത് മോർഗൻ. ആദ്യ പന്തിൽ തന്നെ 60 പന്തിൽ 65 റൺസുമായി ക്രീസിൽ നിലയുറിപ്പിച്ചിരുന്ന ഓപ്പണർ ജെയ്ക് ഗാർലൻഡ് ക്യാച്ച് നൽകി പുറത്ത്. പിന്നാലെ ക്രീസിലെത്തിയ അഞ്ചു താരങ്ങളും ഗോൾഡൻ ഡക്ക്. കൊണോർ മാത്തിസൻ, മൈക്കൽ കർട്ടിൻ, വെയ്ഡ് മക്ഡൂഗൽ, റൈലി എക്കർസ്‌ലേ, ബ്രോഡി ഫീലാൻ എന്നിവരാണ് അടുത്തടുത്ത പന്തുകളിൽ പുറത്തായത്.
അവസാന രണ്ടു പേരെ മോർഗൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ മത്സരത്തിന്‍റെ സ്കോർ കാർഡും വൈറലായി. ഒരു ഓവറിൽ അഞ്ചു വിക്കറ്റ് നേടിയതാണ് പ്രഫഷനൽ ക്രിക്കറ്റിൽ ഇതുവരെയുള്ള മികച്ച പ്രകടനം. 2011ൽ ഒട്ടാഗോയുടെ (ന്യൂസിലൻഡ്) നീൽ വാഗ്‌നറും 2013ൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഇലവനായി അൽ അമീൻ ഹുസൈനും 2019ൽ കർണാടകക്കായി അഭിമന്യു മിഥുനുമാണ് ഒരു ഓവറിൽ അഞ്ച് വിക്കറ്റ് നേടിയവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.