വനിത ലോകകപ്പ് ഫൈനലിൽ 170 റൺസടിച്ച് ഹീലി; വഴിമാറിയത് ഒരുപിടി റെക്കോഡുകൾ
text_fieldsക്രൈസ്റ്റ്ചർച്ച്: വനിത ലോകകപ്പിൽ തകർപ്പൻ ഫോം തുടരുകയാണ് ആസ്ട്രേലിയൻ ഓപണർ അലീസ ഹീലി. ഇംഗ്ലണ്ടിനെതിരായ കലാശപ്പോരാട്ടത്തിൽ ഹീലിയുടെ (138 പന്തിൽ 170) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഓസീസ് കൂറ്റൻ ടോട്ടൽ (356/5) പടുത്തുയർത്തി. ഒരുപിടി റെക്കോഡുകളാണ് ഹീലിക്ക് മുന്നിൽ വഴിമാറിയത്. വനിത ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കോഡാണ് ഒന്ന്. 17 വർഷം മുമ്പ് 2005ൽ ആസ്ട്രേലിയയുടെ തന്നെ കാരെൻ റോൾട്ടൻ ഇന്ത്യക്കെതിരെ സ്ഥാപിച്ച 107 റൺസിന്റെ റെക്കോഡാണ് ഹീലി മറികടന്നത്.
വനിത ലോകകപ്പിന്റെ ഒരുപതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരമെന്ന റെക്കോഡും ഹീലിക്കാണ്. 509 റൺസാണ് ഹീലിയുടെ സമ്പാദ്യം. കങ്കാരുക്കളുടെ തന്നെ റേച്ചൽ ഹെയ്ൻസാണ് (497) രണ്ടാമത്. ഒമ്പത് ഇന്നിങ്സുകളിൽ നിന്ന് നാല് അർധശതകവും രണ്ട് സെഞ്ച്വറികളുമടക്കമാണ് ഹീലി 509 റൺസ് വാരിക്കൂട്ടിയത്. വനിത ലോകകപ്പിന്റെ ഒരുപതിപ്പിൽ 500ൽ കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന ആദ്യ ബാറ്ററാണ് ഹീലി.
ഓസീസ് ഇന്നിങ്സിന്റെ 46ാം ഓവറിലാണ് ഹീലി പുറത്തായത്. 26 ബൗണ്ടറികൾ ചാരുതയേകിയതായിരുന്നു മാസ്മര ഇന്നിങ്സ്. ടോസ് നഷടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഹീലിയും ഹെയ്ന്സും ചേർന്ന് ആദ്യ വിക്കറ്റിൽ 160 റൺസാണ് ചേർത്തത്. 30ാം ഓവറിലാണ് ഹെയ്ൻസ് (68) പുറത്തായത്. ബെത് മൂണി (62), ആഷ്ലി ഗാഡ്നർ (1), മെഗ് ലാനിങ് (10), താഹില മഗ്രാത്ത് (8 നോട്ടൗട്ട്), എലീസ് പെറി (17 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ആസ്ട്രേലിയൻ ബാറ്റർമാരുടെ സ്കോറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.