ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡ് വിരമിച്ചു; ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും
text_fieldsമെൽബൺ: ആസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 13 വർഷം നീണ്ട കരിയറിൽ ആസ്ട്രേലിയക്കായി 225 മത്സരങ്ങളിൽ പാഡണിഞ്ഞിട്ടുണ്ട്. 36കാരനായ താരം ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓസീസിനിയി മൂന്ന് ടി20 ലോകകപ്പുകളിൽ കളിച്ച വെയ്ഡ് 2021ൽ ടീമിനെ കിരീട നേട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.
36 ടെസ്റ്റിൽ നാല് സെഞ്ച്വറികളും അഞ്ച് അർധ സെഞ്ച്വറികളും സഹിതം 1613 റൺസ് നേടിയിട്ടുണ്ട്. 117 റൺസാണ് ഉയർന്ന സ്കോർ. 97 ഏകദിനങ്ങളിൽനിന്ന് ഒരു സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും സഹിതം 1867 റൺസ് നേടി. 92 ടി20 മത്സരങ്ങളിൽ 1202 റൺസ് സ്വന്തമാക്കി. 80 റൺസാണ് ഉയർന്ന വ്യക്തിഗത സ്കോർ.
വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ വെയ്ഡ് ഓസീസ് പരിശീലക സംഘത്തോടൊപ്പം ചേർന്നു. അടുത്ത മാസം പാകിസ്താനെതിരായ ടി20 പരമ്പരയിൽ ഓസീസ് പരിശീലക സംഘത്തിൽ വെയ്ഡുമുണ്ടാകും. കഴിഞ്ഞ ടി20 ലോകകപ്പ് വേളയിൽതന്നെ താൻ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇക്കാര്യം സഹതാരം ജോർജ് ബെയ്‍ലി, ആൻഡ്രൂ മക്ഡൊണാൾഡ് എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും വെയ്ഡ് വ്യക്തമാക്കി. തന്നെ പിന്തുണച്ച ആരാധകരോടും ഓസീസ് ടീം മാനേജ്മെന്റിനോടും താരം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.