സെഞ്ച്വറി കൂട്ടുകെട്ടുമായി അക്സർ പട്ടേലും അശ്വിനും; ഇന്ത്യ 262 റൺസിനു പുറത്ത്; ഓസീസിന് ഒരു റൺ ലീഡ്
text_fieldsന്യൂഡൽഹി: സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ ഒന്നാം ടെസ്റ്റ് അനായാസം ജയിച്ച ഇന്ത്യയുടെ അടവ് രണ്ടാം മത്സരത്തിൽ പയറ്റി ആസ്ട്രേലിയ. ഒരു സ്പെഷലിസ്റ്റ് പേസ് ബൗളറെ മാത്രം ഇറക്കി സ്പിന്നർമാരെ യഥേഷ്ടം ഉപയോഗപ്പെടുത്തിയ ഓസീസ് ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് രണ്ടാം ദിനം 262 റൺസിൽ അവസാനിപ്പിച്ച് ഒറ്റ റൺ ലീഡും നേടി. ഏഴു വിക്കറ്റിന് 139 എന്ന നിലയിൽ തകർന്നടിയുകയായിരുന്ന ഇന്ത്യയെ അക്സർ പട്ടേൽ-രവിചന്ദ്രൻ അശ്വിൻ സെഞ്ച്വറി കൂട്ടുകെട്ടാണ് മാന്യമായ നിലയിലാക്കിയത്.
ശനിയാഴ്ച സ്റ്റംപെടുക്കുമ്പോൾ ഓസീസ് രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റിന് 61ലെത്തിയിട്ടുണ്ട്. ആറു റൺസെടുത്ത ഉസ്മാൻ ഖാജ പുറത്തായി. ട്രാവിസ് ഹെഡും (39) മാർനസ് ലബുഷെയ്നുമാണ് ക്രീസിൽ. 74 റൺസ് നേടിയ അക്സറാണ് ഇന്ത്യൻ ടോപ് സ്കോറർ. വിരാട് കോഹ്‌ലി (44), അശ്വിൻ (37), രോഹിത് ശർമ (32) എന്നിവരുടേതാണ് മറ്റു കാര്യമായ സംഭാവനകൾ. ആസ്ട്രേലിയക്കുവേണ്ടി നഥാൻ ലിയോൺ അഞ്ചും മറ്റു സ്പിന്നർമാരായ മാത്യു കുനിമാനും ടോഡ് മർഫിയും രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.
ലയണായി നഥാൻ; നൂറിൽ 'പൂജ്യാ'ര
വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസിൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയുടെ അഞ്ചു സ്പെഷലിസ്റ്റ് ബാറ്റർമാരെ പറഞ്ഞുവിട്ട ഓഫ് സ്പിന്നർ നഥാൻ ലിയോൺ തന്നെയാണ് രണ്ടാം ദിവസത്തെ താരം. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 100 വിക്കറ്റ് തികച്ച ആദ്യ ഓസീസ് ബൗളറായി മാറി ലിയോൺ. ഓപണർമാരായ രോഹിത്, കെ.എൽ. രാഹുൽ, നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പുജാര, ശ്രേയസ്സ് അയ്യർ, ശ്രീകാർ ഭരത് എന്നിവർ ലിയോണിനു മുന്നിൽ വീണു.
മോശം ഫോം തുടരുന്ന രാഹുലിനെ (17) വിക്കറ്റിനു മുന്നിൽ കുടുക്കിയായിരുന്നു തുടക്കം. 46ൽ ആദ്യ ഓപണറെ നഷ്ടമായ ഇന്ത്യക്ക് താമസിയാതെ രോഹിത് (32) ബൗൾഡായും പുജാര (0) എൽ.ബി.ഡബ്ല്യുവിലും പുറത്താവുന്നതിന് സാക്ഷിയാവേണ്ടിവന്നു. മൂന്നിന് 54ലാക്കിയ ലിയോൺ വെറുതെയിരുന്നില്ല. ശ്രേയസ്സിനെ (4) പീറ്റർ ഹാൻഡ്സ്കോംബിന്റെ കൈകളിലെത്തിക്കുമ്പോൾ സ്കോർ ബോർഡിൽ 66 റൺസ് മാത്രം. കോഹ്‌ലിയും രവീന്ദ്ര ജദേജയും രക്ഷാപ്രവർത്തനം നടത്തവെ നാലിന് 88ൽ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
അക്സർ പിന്നെയും രക്ഷകൻ
വിക്കറ്റ് കളയാതെ കോഹ്‌ലിക്കൊപ്പം ദീർഘനേരം ചെറുത്തുനിന്ന ജദേജയെ (26) മർഫി എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. 125ൽ അഞ്ചാം വിക്കറ്റ് വീണ ഇന്ത്യക്ക് പിന്നാലെ കോഹ്‌ലിയെയും (44) ഭരതിനെയും (6) നഷ്ടമായതോടെ വൻ തകർച്ചയിലേക്കെന്ന സ്ഥിതിയായി.
കോഹ്‌ലിയെ കുനിമാൻ വിക്കറ്റിനു മുന്നിൽ കുടുക്കുകയും ഭരതിനെ ലിയോൺ സ്റ്റീവൻ സ്മിത്തിന്റെ കരങ്ങളിലേക്കയക്കുകയും ചെയ്തു. 139ൽ ഏഴാം വിക്കറ്റ് വീണതോടെ അക്സറിന്റെയും അശ്വിന്റെയും ഉത്തരവാദിത്തം ഇരട്ടിച്ചു. ഏഴിന് 179ലെത്തിയപ്പോൾ ചായയുടെ സമയമായി. തുടർന്നും ഇരുവരും ടീമിനെ മുന്നോട്ടുനയിച്ചതോടെ മികച്ച ലീഡെന്ന ഓസീസ് സ്വപ്നം അസ്തമിച്ചു.
ഒന്നാം ടെസ്റ്റിൽ 84 റൺസെടുത്ത് ടീമിനെ രക്ഷിച്ചതിന് സമാനമായിരുന്നു അക്സറിന്റെ ഇന്നിങ്സ്. അശ്വിനെ (37) ക്യാച്ചെടുക്കാൻ മാറ്റ് റെൻഷോക്ക് അവസരമൊരുക്കി 253ൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഈ കൂട്ടുകെട്ട് തകർത്തു. താമസിയാതെ അക്സറിനെ (74) മർഫിയുടെ ഓവറിൽ കമ്മിൻസ് പിടിക്കുകയും മുഹമ്മദ് ഷമിയെ (2) കുനിമാൻ ബൗൾഡാക്കുകയും ചെയ്തതോടെ ഓസീസിന്റെ 263ന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് മറുപടി 262ൽ അവസാനിച്ചു.
തലക്ക് പന്തുതട്ടി; വാർണറിന് പകരം ഹെഡ് ഓപണർ
വെള്ളിയാഴ്ച ബാറ്റിങ്ങിനിടെ രണ്ടു തവണ ശരീരത്തിൽ പന്തു തട്ടിയ ഓസീസ് ഓപണർ ഡേവിഡ് വാർണറിന് രണ്ടാം ടെസ്റ്റിൽ ശേഷിക്കുന്ന ദിവസങ്ങൾ നഷ്ടമാവും. ആദ്യം കൈമുട്ടിൽ പന്തു കൊണ്ടിരുന്നു. മുഹമ്മദ് സിറാജിന്റെ ബൗൺസർ പിന്നീട് തലയിലും പതിച്ചു. ഇതോടെയാണ് വാർണറിന് വിശ്രമം വേണ്ടിവന്നത്. പകരം രണ്ടാം ദിനം റെൻഷോയെ ഇറക്കി. രണ്ടാം ഇന്നിങ്സിൽ ഖാജക്കൊപ്പം ട്രാവിസ് ഹെഡാണ് ഓപൺ ചെയ്തത്. സ്കോർ 23ൽ ഖാജയെ (6) ജദേജയുടെ പന്തിൽ ശ്രേയസ്സ് പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.