ഋഷഭ് പന്തിന് വിലക്ക്: ആർ.സി.ബിക്കെതിരെ ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും
text_fieldsന്യൂഡൽഹി: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഐ.പി.എൽ മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെ അക്ഷർ പട്ടേൽ നയിക്കും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി കാപിറ്റൽസ് കാപ്റ്റൻ ഋഷഭ് പന്തിനെ ബി.സി.സി.ഐ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ മത്സരത്തിൽ പുതിയ നായകനെ നിയോഗിക്കുന്നത്. ടീമിന്റെ വൈസ് കാപ്റ്റനായ അക്ഷർ പട്ടേൽ പരിചയ സമ്പന്നനാണെന്നും രണ്ടു ദിവസമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് താരത്തെ ഞായറാഴ്ചത്തെ മത്സരത്തിൽ കാപ്റ്റനാക്കാൻ തീരുമാനിച്ചതെന്നും ഡൽഹി ഹെഡ് കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കി.
കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഒരു മത്സരത്തിൽനിന്ന് വിലക്കിയ പന്തിന് 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സീസണിൽ മൂന്നാം തവണയും പിഴവ് വരുത്തിയതിനാണ് നടപടി. ഡൽഹിയിലെ മറ്റ് താരങ്ങൾക്ക് 12 ലക്ഷം രൂപയും പിഴയിട്ടു. മേയ് ഏഴിന് ഡൽഹിയിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ ഓവർ റേറ്റ് കുറഞ്ഞതോടെയാണ് നടപടി സ്വീകരിച്ചത്.
ഏപ്രിൽ നാലിന് വിശാഖപട്ടണത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ രണ്ടാം ഓവർ റേറ്റ് മന്ദഗതിയിലാക്കിയതിന് പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. അതിനു മുമ്പ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിശാഖപട്ടണത്ത് തന്നെ മത്സരത്തിലും ഓവർ റേറ്റ് കുറച്ചതിന് 12 ലക്ഷം രൂപയും പിഴ ചുമത്തി. നിലവിൽ ഐ.പി.എൽ പട്ടികയിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി കാപിറ്റൽസ്. പത്ത് പോയിന്റുമായി ഏഴാമതാണ് റോയൽ ചലഞ്ചേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.