അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട് സെഞ്ച്വറിക്കും കേരളത്തെ രക്ഷിക്കാനായില്ല; ബറോഡയോട് 62 റൺസിന് തോറ്റു
text_fieldsഹൈദരാബാദ്: മുഹമ്മദ് അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട് സെഞ്ച്വറിക്കും കേരളത്തെ രക്ഷിക്കാനായില്ല. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം 62 റൺസിന് ബറോഡക്കു മുന്നിൽ വീണു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളം 45.5 ഓവറിൽ 341 റൺസിന് പുറത്തായി. അസ്ഹറുദ്ദീൻ 59 പന്തുകളിൽ 104 റൺസെടുത്താണ് പുറത്തായത്. ഏഴു സിക്സുകളും എട്ടു ഫോറുകളും താരം നേടി. ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 113 റൺസ് കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. രോഹൻ എസ്. കുന്നുമ്മൽ 50 പന്തിൽ 65 റൺസും അഹമ്മദ് ഇംറാൻ 52 പന്തിൽ 51 റൺസുമെടുത്തു പുറത്തായി. ഇരുവരും മടങ്ങിയതിനു ശേഷം വന്ന കേരള ബാറ്റർമാരിൽ അസ്ഹറുദ്ദീന്‍ മാത്രമാണ് തിളങ്ങിയത്.
നായകൻ സൽമാൻ നിസാർ 31 പന്തിൽ 19 റൺസുമായി പുറത്തായി. ഷോൺ റോജർ (27), ഷറഫുദ്ദീൻ (21) എന്നിവരും വേഗത്തിൽ മടങ്ങിയത് കേരളത്തിനു തിരിച്ചടിയായി. ജലജ് സക്സേന നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ബറോഡക്കായി ആകാശ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. നിനദ് രഥ്‍വ, ക്രുനാൽ പാണ്ഡ്യ, രാജ് ലിംപാനി എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
നേരത്തെ, ഓപ്പണർ നിനദ് രഥ്‍വയുടെ തകർപ്പൻ സെഞ്ച്വറിയാണ് ബറോഡയുടെ സ്കോർ 400 കടത്തിയത്. 99 പന്തുകളിൽനിന്ന് 136 റൺസാണ് താരം അടിച്ചെടുത്തത്. നായകൻ ക്രുനാൽ പാണ്ഡ്യയും (54 പന്തിൽ 80) പാർഥ് കോലിയും (87 പന്തിൽ 72) അർധ സെഞ്ച്വറിയുമായി തിളങ്ങി. വിഷ്ണു സോളങ്കി (46), ഭാനു പനിയ (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
കേരളത്തിനായി ഷറഫുദ്ദീൻ രണ്ടു വിക്കറ്റും ഏദൻ ആപ്പ്ൾ ടോം, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യൻ താരം സഞ്ജു സാംസണും സചിൻ ബേബിയും ഇല്ലാതെയാണ് കേരളം പരമ്പര കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.