'ഐ.പി.എൽ ലേലത്തിൽ അസ്ഹറുദ്ദീനെ വൻ തുക കൊടുത്ത് ഏതെങ്കിലും ടീം സ്വന്തമാക്കും'
text_fieldsന്യൂഡൽഹി: മുംബൈക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടി ദേശീയ ക്രിക്കറ്റിന്‍റെ ശ്രദ്ധയാവാഹിച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ അടുത്ത ഐ.പി.എൽ ലേലത്തിൽ വമ്പൻ തുകക്ക് തങ്ങൾക്കൊപ്പമെത്തിക്കാൻ ടീമുകൾ ശ്രമിക്കുമെന്ന് മുൻ ഇന്ത്യൻ താരവും ടെലിവിഷൻ കമേന്ററ്ററുമായ ആകാഷ് ചോപ്ര. തന്‍റെ വിഡിയോ കോളത്തിലാണ് ആകാഷ് ഇങ്ങനെയൊരു പ്രവചനം നടത്തിയത്. അസ്ഹറിന്റെ കൂറ്റനടികളുടെ മിടുക്കിനൊപ്പം ആ സെഞ്ച്വറി പിറന്നപ്പോൾ മറുവശത്ത് എതിരാളികൾ മുംബൈ ആയിരുന്നു എന്നത് ലേലത്തിൽ നിർണായകമാവുമെന്നും അദ്ദേഹം പറയുന്നു.
'വാംഖഡെയിൽ കരുത്തരായ എതിരാളികൾക്കെതിരെ മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റുചെയ്യാനെത്തുേമ്പാൾ മുമ്പിലുണ്ടായിരുന്നത് കൂറ്റൻ സ്കോറായിരുന്നു. റോബിൻ ഉത്തപ്പയും ശ്രീശാന്തും പിന്നെ സഞ്ജു സാംസണും കേരള ടീമിൽ ഉണ്ടായിരുന്നുവെങ്കിലും മുംബൈ എന്നാൽ മുംബൈ തന്നെയാണ്. ആ ആ പയ്യൻ പക്ഷേ, ഒന്നും കൂസാതെ അടിച്ചുതകർത്തത് മുംബൈയുടെ കേളികേട്ട ബൗളിങ് നിരയെയാണ്. 37 പന്തിലാണ് അസ്ഹർ സെഞ്ച്വറി തികച്ചത്. പത്തോവറിൽ ടീം 150 റൺസോളം സ്കോർ ചെയ്യുേമ്പാഴേക്ക് അവന്‍റെ സെഞ്ച്വറി പിറന്നുകഴിഞ്ഞിരുന്നു. ധവാൽ കുൽക്കർണിയും തുഷാർ ദേശ്പാണ്ഡെയും അടക്കമുള്ള എതിർബൗളിങ് ശക്തമായിരുന്നു. അവരെ തുണക്കാൻ പിച്ചിൽ പുല്ലിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നിട്ടും കൂറ്റനടികളിൽ അസ്ഹർ കാഴ്ചവെച്ച അതിശയം ഒരൊറ്റ രാത്രികൊണ്ട് അവനെ താരമാക്കി മാറ്റിയെന്നും ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി.
'അവൻ കാഴ്ചവെച്ച ബാറ്റിങ് കണക്കിലെടുക്കുേമ്പാൾ, ആ ബിഗ് ഷോട്ടുകളുടെ കരുത്തളക്കുേമ്പാൾ, ഒരുകാര്യം ഉറപ്പാണ്. ഇത്തരത്തിൽ ഒരു മത്സരം നിങ്ങൾ ജയിച്ചാൽ, ക്രിക്കറ്റ് ലോകം മുഴുവൻ നിങ്ങളെ ഉറ്റുനോക്കും. ഹർഷ ഭോഗ്ലെ അതേക്കുറിച്ച് എഴുതി, വീരേന്ദർ സെവാഗും ആ ഇന്നിങ്സിനെ പ്രകീർത്തിച്ചു, എല്ലാവരും വാഴ്ത്തുമൊഴികൾ ചാർത്തുന്നു.'
ആഭ്യന്തര ക്രിക്കറ്റിൽ പുതുക്കക്കാരനല്ല അസ്ഹർ എന്ന് സൂചിപ്പിക്കുന്ന ആകാഷ്, സ്ഥിരതയെക്കാളും തന്‍റെ കുറ്റനടികളാൽ അറിയപ്പെടുന്ന താരമാണ് 26കാരനായ കേരള താരമെന്നും വിശദീകരിക്കുന്നു. '2015 മുതൽ അസ്ഹർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നു. വലിയ അക്കങ്ങളൊന്നും അവന്‍റെ ഫസ്റ്റ്ക്ലാസ് റണ്ണുകളുടെ കണക്കിൽ ഇല്ല. 25.9 ശരാശരിയിൽ 959 റൺസാണ് സമ്പാദ്യം. ഇന്നിങ്സ് ഓപൺ ചെയ്യാനിറങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് അവൻ. ട്വന്‍റി20യിൽ 404 റൺസാണ് ഇതുവരെ നേടിയതെങ്കിലും സ്ട്രൈക്ക്റേറ്റ് അതിശയിപ്പിക്കുന്നതാണ്.
ഇന്ത്യയുടെ വിഖ്യാതതാരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ആരാധകനായിരുന്ന ജ്യേഷ്ഠനാണ് അനിയന് അസ്ഹറുദ്ദീനെന്ന് പേരിടാൻ ആവശ്യപ്പെട്ടത്. ആ വഴിയിലൂടെത്തന്നെ അവൻ സഞ്ചരിച്ചു. ഇനി ഒരുമാസം കഴിഞ്ഞാൽ െഎ.പി.എല്ലിന്‍റെ ലേലം വരാനിരിക്കുകയാണ്. സംപ്രേഷണം ചെയ്യപ്പെട്ട മത്സരത്തിൽ കത്തിക്കയറിയ, സെവാഗും ഭോഗ്ലെയും വാഴ്ത്തിയ ആ കളിക്കാരനെ വൻ തുക കൊടുത്ത് ഏതെങ്കിലും ടീം സ്വന്തമാക്കാൻ തന്നെയാണ് സാധ്യത.' ആകാഷ് പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.