അസ്ഹറുദ്ദീൻ മടങ്ങി; എല്ലാ കണ്ണുകളും ബേബിയിലേക്ക്..
text_fieldsവിദർഭക്കെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് ആറാം വിക്കറ്റ് നഷ്ടം. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കേരളത്തിന് നഷ്ടമായത്. 59 പന്തിൽ മൂന്ന് ഫോറടിച്ച് 34 റൺസ് നേടിയാണ് താരം പുറത്തായത്. ദർഷൻ നാൽക്കാണ്ടെ എറിഞ്ഞ 95ാം ഓവറിൽ ടീം സ്കോർ 278ൽ നിൽക്കെ എൽ.ബി.ഡബ്ല്യു ആയാണ് അസ്ഹർ പുറത്തായത്. ആറം വിക്കറ്റിൽ 59 റൺസിന്‍റെ കൂട്ടുക്കെട്ടാണ് അസ്ഹറും ക്യാപ്റ്റൻ സച്ചിൻ ബേബിയും സൃഷ്ടിച്ചത്. ജലജ് സക്സേനെയാണ് അസ്ഹറിന് ശേഷം ക്രീസിലെത്തിയത്.
മത്സരത്തിന് ഇനിയും രണ്ട് ദിനം ബാക്കിയിരിക്കെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ കേരളത്തിന് ഇനിയും 80ന് മുകളിൽ റൺസ് ആവശ്യമാണ്. സച്ചിൻ ബേബി, ജലജ് സക്സേന എന്നിവർ ക്രീസിൽ പരമാവധി സമയം നിലനിൽക്കുക എന്നുള്ളത് കേരളത്തിന്‍റെ കുതിപ്പിന് നിർണായകമാണ്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിങ് ആരംഭിച്ചത്. ഇന്ന് ആദ്യം പുറത്തായത് 79 റൺസെടുത്ത ആദിത്യ സർവതെയാണ്. സ്കോർ 219ലെത്തി നിൽക്കേ 21 റൺസെടുത്ത സൽമാൻ നിസാറും പുറത്തായി. പിന്നീട് മുഹമ്മദ് അസ്‌ഹറുദ്ദീനെ കൂട്ടുപിടിച്ച് സചിൻ ബേബി രക്ഷാപ്രവർത്തനം തുടർന്നു.
ഇന്നലെ ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായ കേരളത്തെ ആദിത്യ സർവതെ-അഹ്മദ് ഇംറാൻ കൂട്ടുകെട്ടാണ് കരകയറ്റിയത്. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ആദ്യ ഓവറിൽ തന്നെ കേരളത്തിന് ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. ദർശൻ നൽകണ്‌ഠെയുടെ പന്തിൽ വിക്കറ്റ് തെറിക്കുകയായിരുന്നു. ഇതിൻ്റെ ഞെട്ടൽ മാറുംമുമ്പേ മൂന്നാം ഓവറിൽ അടുത്ത വിക്കറ്റും വീണു. 14 റൺസെടുത്ത അശ്വിൻ ചന്ദ്രൻ്റെ വിക്കറ്റാണ് നഷ്ടമായത്.
പിന്നീടെത്തിയ ആദിത്യ സർവതെ -അഹ്മദ് ഇംറാൻ സഖ്യം കരുതലോടെ മുന്നേറി കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റി. 93 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. സർവതെക്ക് മികച്ച പിന്തുണ നൽകി കളിച്ചിരുന്ന അഹ്മദ് ഇംറാൻ (37) യാഷ് താക്കൂറിൻ്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റൻ സചിൻ ബേബി രണ്ടാംദിനം കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ കാത്തു.
നേരത്തെ, 153 റൺസെടുത്ത ഡാനിഷ് മാലേവാറിനും 86 റൺസെടുത്ത കരുൺ നായറിന്റേയും മികവിലാണ് വിദർഭ 379 റൺസെടുത്തത്. മറ്റാർക്കും വിദർഭക്കായി കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.കേരള ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീതമെടുത്ത നിധീഷും ഏദൽ ആപ്പിൾ ടോമുമാണ് തിളങ്ങിയത്. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ബേസിലിന്‍റെ പ്രകടനവും കേരളത്തിന് നിർണായകമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.