ബാബർ അസമും ഷഹീൻ അഫ്രീദിയും പുറത്ത്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കി
text_fieldsഇസ്ലാമാബാദ്: മോശം ഫോമിലുള്ള ബാബർ അസമിനെയും പേസർ ഷഹീൻ അഫ്രീദിയെയും പാകിസ്താൻ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) പ്രഖ്യാപിച്ചു.
നസീം ഷായും ടീമിലില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാബർ റൺസ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. 2022ലാണ് ബാബർ ടെസ്റ്റിൽ അവസാനമായി സെഞ്ച്വറി തികച്ചത്. ന്യൂസീലൻഡിനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റിൽ താരം 161 റൺസ് അടിച്ചെടുത്തിരുന്നു. എന്നാൽ, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോർ. ബോളർമാർക്ക് യാതൊരു സാധ്യതയും നൽകാത്ത മുൾട്ടാനിലെ പിച്ചിലും ബാബർ ബാറ്റിങ്ങിൽ പരാജയപ്പെട്ടത് വലിയ വിമർശത്തിനിടയാക്കി. ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത് 500നു മുകളിൽ റൺസ് സ്കോർ ചെയ്തിട്ടും ഇംഗ്ലണ്ടിനു മുന്നിൽ നാണംകെട്ട തോൽവിയാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്.
തോൽവിക്കു പിന്നാലെ പരമ്പരയിലെ ബാക്കിയുള്ള രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് പി.സി.ബി പുതിയ സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അലീം ദർ, ആഖ്വിബ് ജാവേദ്, അസ്ഹർ അലി എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് ബാബറിനെയും മറ്റും ഒഴിവാക്കി രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്വിയുമായും മെന്‍റർമാരുമായും കൂടിയാലോചിച്ച ശേഷമാണ് ടീമിനെ തെരഞ്ഞെടുത്തത്.
ഇതിനിടെ നായകൻ ഷാൻ മസൂദ് ബാബറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ടീമിലെ മികച്ച ബാറ്ററാണ് ബാബറെന്നാണ് ഷാൻ പ്രതികരിച്ചത്. ആദ്യ ടെസ്റ്റിനു പിന്നാലെ ബാബറും ഷഹീൻ അഫ്രീദിയും തമ്മിലുള്ള ഭിന്നതയും രൂക്ഷമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒന്നാം ടെസ്റ്റിനിടെ ഷഹീൻ പല തവണ ‘സിംബു സിംബു’ എന്നു വിളിച്ചു ബാബറിനെ പരിഹസിച്ചതായി ആരോപണം ഉയർന്നിരുന്നു. ചെറിയ ടീമുകൾക്കെതിരെ സ്ഥിരമായി സ്കോർ ചെയ്യുകയും വമ്പൻ ടീമുകളെത്തുമ്പോള്‍ ബാറ്റിങ്ങിൽ പരാജയപ്പെടുകയും ചെയ്യുന്ന ബാബറിനെ ‘സിംബാബർ, സിംബു’ എന്നു വിളിച്ചാണ് വിമർശകർ പരിഹസിക്കുന്നത്.
ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 47 റൺസിനുമാണ് പാകിസ്താൻ തോറ്റത്. ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാകിസ്താൻ, അഞ്ചാം ദിനം ആദ്യ സെഷൻ പോലും പൂർത്തിയാക്കാനാകാതെ 54.5 ഓവറിൽ 220 റൺസിന് എല്ലാവരും പുറത്തായി. ടെസ്റ്റിൽ പാകിസ്താന്‍റെ തുടർച്ചയായ ആറാം തോൽവിയാണിത്. സ്വന്തം നാട്ടിൽ അവസാനം കളിച്ച ഒമ്പതു ടെസ്റ്റുകളിൽ ഏഴാമത്തെ തോൽവിയും.
പാകിസ്താൻ ടെസ്റ്റ് സ്ക്വാഡ്:
ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, ഹസീബുല്ല (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മെഹ്‌റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നൊമാൻ അലി, സയിം അയൂബ്, സാജിദ് ഖാൻ, സൽമാൻ അലി ആഘ, സാഹിദ് മെഹമൂദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.