‘ബാബർ അസമിനെ മാറ്റണം’; പാകിസ്താന്റെ തുടർ പരാജയങ്ങളിൽ കടുത്ത വിമർശനവുമായി മുൻ താരങ്ങൾ
text_fieldsഇസ്‍ലാമാബാദ്: ലോകകപ്പിൽ പാകിസ്താന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ ഇതിഹാസ താരങ്ങൾ. ഇന്ത്യയോടും ആസ്ട്രേലിയയോടും തോറ്റതിന് പിന്നാലെ അഫ്ഗാനിസ്താനോടും ദയനീയമായി പരാജയപ്പെട്ടതോടെയാണ് ക്യാപ്റ്റൻ ബാബർ അസമിനും ടീം അംഗങ്ങൾക്കുമെതിരെ വ്യാപക വിമർശനമുയർന്നത്. പാകിസ്താൻ മുന്നോട്ടുവെച്ച 283 റൺസ് വിജയലക്ഷ്യം അഫ്ഗാൻ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു. ഇതോടെ സെമി കാണാതെ പുറത്താവുമെന്ന ആശങ്കയിലാണ് പാകിസ്താൻ. പാകിസ്താന് ഇനി നേരിടാനുള്ളത് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമുകളെയാണ്. ഇതിൽ ഏതെങ്കിലും മത്സരം തോറ്റാൽ സെമി പ്രവേശനത്തിന് തടസ്സമാകും.
മുൻ പാക് താരങ്ങളായ വസിം അക്രം, ആഖിബ് ജാവേദ്, ഷുഐബ് മാലിക്, മോയിൻ ഖാൻ, ഷുഐബ് അക്തർ, മിസ്ബാഹുൽ ഹഖ്, റമീസ് രാജ, റാഷിദ് ലത്തീഫ്, മുഹമ്മദ് ഹഫീസ് എന്നിവരെല്ലാം ടീമിന്റെ പ്രകടനത്തിൽ വിമർശനവുമായി എത്തി. ബാബറിന് പകരം ഷഹീൻ ഷാ അഫ്രീദിയെ നായക സ്ഥാനം ഏൽപിക്കണമെന്നാണ് ആഖിബ് ജാവേദിന്റെ ആവശ്യം. നിയന്ത്രിത ഓവർ മത്സരങ്ങളിൽ ബാബർ പരാജയമാണെന്നും പാകിസ്താൻ ക്രിക്കറ്റിന്റെ ഭാവിക്ക് ഷഹീൻ അഫ്രീദിയെ ക്യാപ്റ്റനാക്കുകയാകും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താൻ താരങ്ങളുടെ ഫിറ്റ്നസിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി മുൻ ക്യാപ്റ്റൻ വസിം അക്രം രംഗത്തുവന്നിരുന്നു. പ്രഫഷനൽ താരങ്ങൾക്ക് വേണ്ട ഫിറ്റ്നസ് ഇല്ലാതെയാണ് ടീം കളത്തിലിറങ്ങിയതെന്നും ഫീൽഡിങ്ങിൽ അത് വ്യക്തമാണെന്നും ഇവർ ദിവസവും എട്ടു കിലോ മട്ടൻ കഴിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും അക്രം കുറ്റപ്പെടുത്തിയിരുന്നു.
തോൽവിയിൽ ഏറ്റവും ഉത്തരവാദിത്തമുള്ള വ്യക്തി ക്യാപ്റ്റൻ ബാബർ അസമാണെന്ന് ഷുഐബ് മാലിക് കുറ്റപ്പെടുത്തി. ‘ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ അവൻ രാജാവാണ്, എന്നാൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ അങ്ങനെയല്ല’ മാലിക് പറഞ്ഞു.
മുൻ വിക്കറ്റ് കീപ്പർ മോയിൻ ഖാനും ബാബറിനെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ‘കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ടീമിനെ നയിക്കുന്നു. മിക്കവാറും എല്ലാ പ്രധാന ടൂർണമെന്റുകളിലും അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. ഈ സമയത്തിനിടെ അവൻ പഠിച്ച ഒരു കാര്യവുമില്ല’, മോയിൻ ഖാൻ അഭിപ്രായപ്പെട്ടു.
നിലവിലെ ടീമിൽ കുട്ടികളെ പ്രചോദിപ്പിക്കുന്ന ഒരു ക്രിക്കറ്റ് താരമെങ്കിലും ഉണ്ടോ എന്നായിരുന്നു ഷുഐബ് അക്തറിന്റെ ചോദ്യം. ‘ഒരു കാര്യം പറയൂ, പ്രചോദനം നൽകുന്ന ഒരു ക്രിക്കറ്റ് താരമെങ്കിലും ഈ ടീമിലുണ്ടോ? ഞാൻ വളർന്നു വരുമ്പോൾ വഖാർ യൂനുസിനെയും വസീം അക്രത്തെയും പോലെയുള്ളവരെ കണ്ടിട്ടുണ്ട്. പാകിസ്താൻ ടീമിലെ ഏത് ക്രിക്കറ്റ് താരമാണ് കുട്ടികൾക്ക് കായികരംഗത്തേക്ക് വരാൻ പ്രചോദനം നൽകുന്നത്’, അക്തർ തന്റെ യു ട്യൂബ് ചാനലിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.