ക്രിസ് ഗെയിലിന്റെ റെക്കോഡും മറികടന്ന് ബാബര്‍ അസം
text_fieldsകറാച്ചി: ട്വന്റി 20യിൽ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിന്റെ റെക്കോഡ് മറികടന്ന് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ (പി.എസ്.എല്‍) തകർപ്പൻ പ്രകടനമാണ് റെക്കോഡിലേക്ക് വഴിതുറന്നത്.
പി.എസ്.എല്ലിൽ ഇന്നലെ പെഷാവര്‍ സാല്‍മിക്കായി ഇസ്‍ലാമാബാദ് യുനൈറ്റഡിനെതിരെ അര്‍ധസെഞ്ച്വറി തികച്ചതോടെ ട്വന്റി 20 ക്രിക്കറ്റില്‍ അതിവേഗം 9000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. 245 ഇന്നിങ്സിലാണ് ബാബറിന്റെ നേട്ടം. 249 ഇന്നിങ്സില്‍ 9000 റണ്‍സ് നേടിയ ക്രിസ് ഗെയ്‍ലിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 271 ഇന്നിങ്സില്‍ 9000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരം വിരാട് കോഹ്‍ലിയാണ് മൂന്നാമത്. ആസ്ട്രേലിയക്കാരായ ഡേവിഡ് വാർണർ (273 മത്സരങ്ങൾ) ആരോൺ ഫിഞ്ച് (281 മത്സരങ്ങൾ) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
പി.എസ്.എല്‍ എലിമിനേറ്ററില്‍ ഇസ്‍ലാമാബാദ് യുനൈറ്റഡിനെ തകര്‍ത്ത് പെഷാവര്‍ സാല്‍മി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ 39 പന്തില്‍ 64 റണ്‍സുമായി ടീമിനെ മുന്നില്‍നിന്ന് നയിച്ചത് ബാബറായിരുന്നു. പി.എസ്.എല്‍ സീസണില്‍ ബാബറിന്‍റെ അഞ്ചാം അര്‍ധ സെഞ്ച്വറിയാണ് ഇന്നലെ പൂർത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പെഷാവര്‍ സാല്‍മി ബാബറിന്‍റെ ബാറ്റിങ് കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചപ്പോള്‍ രണ്ടുതവണ ചാമ്പ്യന്മാരായ ഇസ്‍ലാമാബാദ് യുനൈറ്റഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.