വിലക്ക് കഴിഞ്ഞു; ശ്രീശാന്തിന് ഇനി കളിക്കാം
text_fieldsകൊച്ചി: വാതുവെപ്പ് ആരോപണത്തെത്തുടർന്ന് ബി.സി.സി.ഐ സസ്പെൻഷൻ നേരിട്ട മലയാളി ക്രിക്കറ്റർ എസ്. ശ്രീശാന്ത് വിലക്ക് കാലാവധി കഴിഞ്ഞ് വീണ്ടും ഗ്രൗണ്ടിലേക്ക്. ഏഴുവർഷത്തെ കളിവിലക്ക് ഞായറാഴ്ച കഴിഞ്ഞു. ആജീവനാന്ത വിലക്കാണ് ആദ്യം ഏർപ്പെടുത്തിയതെങ്കിലും ബി.സി.സി.ഐ ഓംബുഡ്സ്മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന് കാലാവധി കുറക്കുകയായിരുന്നു.
ഇനി ദേശീയ ടീമിൽ ഇടംപിടിക്കുക 37കാരന് വിദൂര സ്വപ്നമാണെങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ കേരള ടീമിൽ കളിപ്പിക്കുന്നത് പരിഗണിക്കുമെന്ന് അടുത്തിടെ കേരള പരിശീലകൻ ടിനു യോഹന്നാൻ സൂചിപ്പിച്ചിട്ടുണ്ട്. 'ഞാൻ എല്ലാ കുറ്റങ്ങളിൽനിന്നും മോചിതനായി. ഇനി ക്രിക്കറ്റിലേക്ക് തിരിച്ചുവരും. പ്രാക്ടീസിന് വേണ്ടിയാണെങ്കിലും ഓരോ ബോളിലും എെൻറ പരമാവധി മികവ് പ്രകടിപ്പിക്കും'-കഴിഞ്ഞ വെള്ളിയാഴ്ച ശ്രീശാന്ത് ട്വീറ്റ് ചെയ്തിരുന്നു. ഏതുടീമിന് വേണ്ടിയും അടുത്ത ഏഴുവർഷമെങ്കിലും നന്നായി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ആഭ്യന്തര ക്രിക്കറ്റ് സീസൺ നീട്ടിവെച്ചതിനാൽ കേരളം അനുവദിച്ചാൽപോലും ശ്രീശാന്തിന് എന്ന് കളിക്കളത്തിലേക്ക് മടങ്ങിവരാനാകുമെന്ന് പറയാൻ കഴിയില്ല. ആഗസ്റ്റിൽ തുടങ്ങേണ്ടതാണ് സീസൺ.
2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയലിനായി കളിക്കുേമ്പാഴാണ് ശ്രീശാന്തും സഹതാരങ്ങളായ അജിത് ചാന്ദിലയും അങ്കീത് ചവാനും വാതുവെപ്പ് വിലക്ക് നേരിട്ടത്. സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് ആജീവനാന്ത വിലക്ക് കഴിഞ്ഞവർഷം ഏഴുവർഷമാക്കി ചുരുക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 27 ടെസ്റ്റും 53 ഏകദിനവും കളിച്ച ശ്രീശാന്ത് യഥാക്രമം 87, 75 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 10 ട്വൻറി20 മാച്ചുകളിൽ ഏഴ് വിക്കറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.