ലേലത്തിൽ വാങ്ങിയശേഷം കളിക്കാത്ത വിദേശ താരങ്ങളെ വിലക്കണം -കാവ്യ മാരൻ
text_fieldsമുംബൈ: താരലേലത്തിൽ പങ്കെടുത്ത് ഏതെങ്കിലും ടീം വാങ്ങിയ ശേഷം തക്കതായ കാരണമില്ലാതെ ഐ.പി.എല്ലിൽനിന്ന് മാറിനിൽക്കുന്ന വിദേശ താരങ്ങൾക്കു നേരെ വിലക്ക് ഉൾപ്പെടെ കർശന നടപടി വേണമെന്ന ആവശ്യവുമായി സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരൻ. ഇക്കഴിഞ്ഞ സീസണിൽ ഒന്നര കോടി രൂപക്ക് സൺറൈസേഴ്സ് സ്വന്തമാക്കിയ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്ക ടൂർണമെന്റിൽനിന്ന് വിട്ടുനിന്നിരുന്നു. ബി.സി.സി.ഐ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കാവ്യ ആവശ്യവുമായി രംഗത്തുവന്നത്. ലേലത്തിനു ശേഷം വിദേശ താരങ്ങൾ ഐ.പി.എല്ലിൽനിന്നു പിൻവാങ്ങുന്നതായി മറ്റുടീമുകളും പരാതിപ്പെട്ടു.
‘‘ലേലത്തിൽ വിളിച്ചെടുത്ത ശേഷം പരിക്കു കാരണമല്ലാതെ ഒരു താരം ടൂര്‍ണമെന്റിൽനിന്നു വിട്ടുനിന്നാൽ അദ്ദേഹത്തെ വിലക്കണം. ലേലത്തിനായി ഫ്രാഞ്ചൈസികൾ ഒരുപാടു കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒരു താരത്തെ ചെറിയ തുകക്കു വാങ്ങിയാൽ പിന്നെ അദ്ദേഹം കളിക്കാൻ വരില്ല. അത് ടീമിന്റെ കോംബിനേഷനെ ബാധിക്കും. ടീമിനെ തയാറാക്കിയെടുക്കാൻ ഒരുപാടു സമയം ആവശ്യമാണ്. യുവതാരങ്ങളെ പാകപ്പെടുത്തിയെടുക്കാൻ ഒരുപാട് അധ്വാനമുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ അഭിഷേക് ശർമ സ്ഥിരതയിലെത്താൻ മൂന്നു വർഷത്തോളം സമയമെടുത്തു. ഇതുപോലെ ഒരുപാടു താരങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാം’’ –കാവ്യ മാരൻ പറഞ്ഞു.
ഒരു ടീമിനു നിലനിര്‍ത്താവുന്ന വിദേശ താരങ്ങളുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കണമെന്നും കാവ്യ മാരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ രണ്ടു വിദേശ താരങ്ങളെ നിലനിർത്താൻ മാത്രമാണു ടീമുകൾക്ക് അനുവാദമുണ്ടായിരുന്നത്. മെഗാ താരലേലത്തിനു പകരം എല്ലാ വർഷവും മിനിലേലം നടത്തുന്നതാണ് ഉചിതമെന്നും കാവ്യ പറഞ്ഞു. ഇക്കഴിഞ്ഞ സീസണിൽ ഐ.പി.എൽ ഫൈനൽ കളിച്ച സൺറൈസേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരുന്നു.
അവസാന നിമിഷം ഐ.പി.എല്ലിൽനിന്ന് പിൻവാങ്ങുന്ന താരങ്ങൾ കാരണം ടീമിന് വലിയ നഷ്ടമുണ്ടാകുന്നതായി ഫ്രാഞ്ചൈസികൾ യോഗത്തിൽ പരാതിപ്പെട്ടു. കഴിഞ്ഞ സീസണില്‍ ജേസൺ റോയ്, അലക്സ് ഹെയ്‍ൽസ്, വാനിന്ദു ഹസരങ്ക തുടങ്ങി നിരവധി താരങ്ങൾ കളിച്ചിരുന്നില്ല. ചെറിയ തുകക്കു ടീമുകൾ വാങ്ങിയതിനു പിന്നാലെ വ്യക്തമായ കാരണം ബോധിപ്പിക്കാതെയാണ് ഇവർ പിൻമാറിയതെന്ന് ടീമുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.