തിരിച്ചടിച്ച് ബാംഗ്ലൂർ; ലഖ്നോക്കെതിരെ 18 റൺസ് ജയം
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ബൗളർമാർ അരങ്ങുവാണ മത്സരത്തിൽ ആതിഥേയരായ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 18 റൺസ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നോവിനെ ബാംഗ്ലൂർ ബൗളർമാർ 108 റൺസിലൊതുക്കുകയായിരുന്നു.
13 പന്തിൽ 23 റൺസെടുത്ത കൃഷ്ണപ്പ ഗൗതമാണ് ആതിഥേയരുടെ ടോപ് സ്കോറർ. ഓപണർ കെയ്ൽ മയേഴ്സിനെ റൺസെടുക്കും മുമ്പ് മുഹമ്മദ് സിറാജ് അനുജ് റാവത്തിന്റെ കൈകളിലെത്തിച്ചപ്പോൾ നാല് റൺസെടുത്ത ആയുഷ് ബദോനിയെ ഹേസൽവുഡിന്റെ പന്തിൽ കോഹ്‍ലി പിടികൂടി. ക്രുണാൽ പാണ്ഡ്യ (14), ദീപക് ഹൂഡ (ഒന്ന്), മാർകസ് സ്റ്റോയിനിസ് (13), നിക്കൊളാസ് പൂരാൻ (ഒമ്പത്), രവി ബിഷ്ണോയി (അഞ്ച്), നവീനുൽ ഹഖ് (13), അമിത് മിശ്ര (19) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഫീൽഡിങ്ങിനെ പരിക്കേറ്റ് കയറിയ ക്യാപ്റ്റൻ കെ.എൽ രാഹുൽ പത്താമനായി എത്തി മൂന്ന് പന്ത് നേരിട്ടെങ്കിലും റൺസൊന്നും എടുക്കാനായില്ല.
ബാംഗ്ലൂരിനായി കരൺ ശർമ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, െഗ്ലൻ മാക്സ്വെൽ, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
നേരത്തെ വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസും ചേർന്ന് തരക്കേടില്ലാത്ത തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഒമ്പതോവറിൽ ഇരുവരും ചേർന്ന് 62 റൺസ് ചേർത്തു. എന്നാൽ, 30 പന്തിൽ 31 റൺസ് നേടിയ കോഹ്‍ലിയെ രവി ബിഷ്‍ണോയിയുടെ പന്തിൽ പൂരാൻ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയും ഡു പ്ലസിസിനെ അമിത് മിശ്രയുടെ പന്തിൽ ക്രുണാൽ പാണ്ഡ്യ പിടികൂടുകയും ചെയ്തതോടെ ബാംഗ്ലൂരിന്റെ തകർച്ചയും തുടങ്ങി.
തുടർന്നെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അനുജ് റാവത്ത് (ഒമ്പത്), െഗ്ലൻ മാക്സ്വെൽ (നാല്), സുയാഷ് പ്രഭുദേശായ് (ആറ്), ദിനേശ് കാർത്തിക് (16), മഹിപാൽ ലോംറർ (മൂന്ന്), വനിന്ദു ഹസരങ്ക (പുറത്താകാതെ എട്ട്), കരൺ ശർമ (രണ്ട്), മുഹമ്മദ് സിറാജ് (പൂജ്യം), ജോഷ് ഹേസൽവുഡ് (പുറത്താവാതെ ഒന്ന്) എന്നിവർ വേഗത്തിൽ മടങ്ങി.
ലഖ്നോവിനായി നവീനുൽ ഹഖ് മൂന്നും രവി ബിഷ്‍ണോയ്, അമിത് മിശ്ര എന്നിവർ രണ്ട് വീതവും കൃഷ്ണപ്പ ഗൗതം ഒന്നും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.