ചക്ക വീണ് മുയൽ ചത്തതല്ല; ആസ്ട്രേലിയയെ വീണ്ടും പഞ്ഞിക്കിട്ട് ബംഗ്ലാദേശ്
text_fieldsധാക്ക: കഴിഞ്ഞ ദിവസം ഒന്നാം ട്വന്‍റി20യിൽ ആസ്ട്രേലിയയെ വീഴ്ത്തിയത് വെറും ഭാഗ്യത്തിന്‍റെ കടാക്ഷമല്ലെന്ന് തെളിയിച്ച് ബംഗ്ലാദേശിന് വിജയത്തുടർച്ച. ആദ്യം മുസ്തഫിസുർ റഹ്മാൻ പന്തുകൊണ്ടും പിന്നാലെ ആതിഫ് ഹുസൈൻ ബാറ്റ് കൊണ്ടും മിടുക്ക് കാട്ടിയതോടെ രണ്ടാം ട്വന്‍റി20യിൽ ഓസീസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ബംഗ്ല കടുവകൾ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.
11.2 ഓവറിൽ 67ന് അഞ്ച് എന്ന നിലയിൽ പരുങ്ങിയ ബംഗ്ലദേശിനെ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം പുറത്താകാതെ 37 റൺസ് നേടിയ ആതിഫാണ് വിജയ തീരമണച്ചത്. ഓസീസ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം ആതിഥേയർ 18.4 ഓവറിൽ മറികടന്നു. വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ (22*) ആതിഫിന് മികച്ച പിന്തുണയേകി.
നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുറിന്റെയും രണ്ടു വിക്കറ്റ് പിഴുത ഷരീഫുൽ ഇസ്ലാമിന്റെയും മികവിലാണ് ബംഗ്ലാദേശ് ഓസീസിനെ ഏഴിന് 121 എന്ന സ്കോറിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകർക്കായി മിച്ചൽ മാർഷലിന് (45) മാത്രമാണ് തിളങ്ങാനായത്.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 23 റൺസിന് വിജയിച്ചാണ് ബംഗ്ലാദേശ് ആസ്ട്രേലിയക്കെതിരായ ആദ്യ വിജയം കൊണ്ടാടിയത്. പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.