ഇന്ത്യയുടെ സെമി ബെർത്തിന് പ്രധാന ഭീഷണി ബംഗ്ലാദേശ്
text_fieldsഅഡലെയ്ഡ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12ൽ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തോൽവിയും സിംബാബ്‍വെയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതും ഗ്രൂപ് രണ്ടിലെ സെമിഫൈനൽ സാധ്യതകളിൽ പിരിമുറുക്കമുണ്ടാക്കുകയാണ്.
തുടർച്ചയായ രണ്ടു ജയങ്ങളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജയത്തോടെ ദക്ഷിണാഫ്രിക്ക രോഹിത് ശർമയെയും സംഘത്തെയും രണ്ടാമതാക്കി മുന്നിൽക്കയറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്ക് അഞ്ചു പോയന്റാണുള്ളത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാലു പോയന്റ് വീതവും. റൺറേറ്റ് അടിസ്ഥാനത്തിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. മൂന്നു പോയന്റുള്ള സിംബാബ്‍വെ നാലും രണ്ടു പോയന്റ് മാത്രമുള്ള പാകിസ്താൻ അഞ്ചും സ്ഥാനത്താണ്. അക്കൗണ്ട് തുറക്കാത്ത നെതർലൻഡ്സ് ഇതിനകം പുറത്തായിട്ടുണ്ട്. രണ്ടു ഗ്രൂപ്പിലെയും എല്ലാ ടീമുകളും മൂന്നു വീതം മത്സരങ്ങൾ പൂർത്തിയാക്കി.
ഇന്ത്യൻ സാധ്യതകൾ ഇങ്ങനെ
നവംബർ രണ്ടിന് ബംഗ്ലാദേശിനും ആറിന് സിംബാബ്‍വെക്കുമെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ. ബംഗ്ലാദേശിനെതിരെ തോറ്റാൽ അത് ഇന്ത്യയെ പുറത്തേക്കുള്ള വഴിയിലെത്തിക്കും. ആറു പോയന്റുമായി ബംഗ്ലാദേശ് മുന്നിലാവും. പിന്നെ ഇന്ത്യക്ക് അവസാന നാലിൽ കടക്കാൻ മറ്റു ഫലങ്ങൾക്കും ചില അത്ഭുതങ്ങൾക്കും കാത്തിരിക്കേണ്ടിവരും. ഒപ്പം സിംബാബ്‍വെയോട് വലിയ മാർജിനിൽ ജയിക്കുകയും വേണം. മഴമൂലം ഇന്ത്യയുടെ ഏതെങ്കിലും മത്സരം ഉപേക്ഷിക്കുന്ന സാഹചര്യവും തിരിച്ചടിയുണ്ടാക്കും. ദക്ഷിണാഫ്രിക്കക്ക് പാകിസ്താനെയും നെതർലൻഡ്സിനെയുമാണ് ഇനി നേരിടാനുള്ളത്. ബംഗ്ലാദേശിന് ഇന്ത്യക്കു പുറമെ മറ്റൊരു അയൽക്കാരായ പാകിസ്താനും എതിരാളികളായെത്തും. ദക്ഷിണാഫ്രിക്കയുടെ വഴി ഏറക്കുറെ സുഗമമാണെങ്കിൽ പാകിസ്താന് നേർത്ത സാധ്യത മാത്രമേ നിലനിൽക്കുന്നുള്ളൂ. സെമിഫൈനൽ ബെർത്തിനായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരിക്കും മത്സരമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പാകിസ്താനെ അട്ടിമറിച്ച സിംബാബ്‍വെക്ക് നെതർലൻഡ്സിനു പിന്നാലെ ഇന്ത്യയെയും തോൽപിക്കാനായാൽ അവസാന നാലിലൊരിടത്തിനുള്ള അവകാശവാദം തള്ളിക്കളയാനാവില്ല.
കുഴഞ്ഞുമറിഞ്ഞ് ഗ്രൂപ് ഒന്നും
ന്യൂസിലൻഡ് നയിക്കുന്ന ഗ്രൂപ് ഒന്നിലും ഏറക്കുറെ സമാനമാണ് കാര്യങ്ങൾ. അഞ്ചു പോയന്റാണ് കിവികൾക്കുള്ളത്. മൂന്നു പോയന്റ് വീതമുള്ള ഇംഗ്ലണ്ട്, അയർലൻഡ്, ആസ്ട്രേലിയ ടീമുകൾ അടുത്ത മൂന്നു സ്ഥാനങ്ങളിലും. ശ്രീലങ്കക്കും അഫ്ഗാനിസ്താനും രണ്ടു വീതം പോയന്റും. ആർക്കും സെമിയിൽ കടക്കാവുന്ന സാഹചര്യം. അടുത്ത രണ്ടു മത്സരങ്ങൾ ന്യൂസിലൻഡ് ഒഴിച്ച് എല്ലാ ടീമുകൾക്കും നിർണായകമാണ്. കിവീസിന് ഒറ്റ ജയം മതി സെമി ഉറപ്പ്.
ഡി.കെക്കു പകരം പന്തിറങ്ങുമോ?
അഡലെയ്ഡ്: ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിക്ക് ഇന്ത്യയുടെ െപ്ലയിങ് ഇലവൻ തിരഞ്ഞെടുപ്പിലെ പാളിച്ചകൂടി കാരണമായതായി വിമർശനം. റൺസ് കണ്ടെത്താൻ വിഷമിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിന് തുടർച്ചയായി അവസരം നൽകുന്നതിനും ഓൾറൗണ്ടറായി അക്സർ പട്ടേലിനു പകരം ദീപക് ഹൂഡയെ പരീക്ഷിച്ചതിനുമെതിരെ മുൻ താരങ്ങളടക്കം രംഗത്തെത്തി. ബാറ്റിങ്ങിന് കരുത്തുപകരാൻ ഋഷഭ് പന്ത് ആദ്യ കളി മുതൽ വേണ്ടിയിരുന്നുവെന്നും ആസ്ട്രേലിയയിലെ ബൗൺസുള്ള പിച്ചുകളിൽ മറ്റു പലരും പരാജയമാകുമ്പോഴും അദ്ദേഹം പിടിച്ചുനിൽക്കുമായിരുന്നുവെന്നും വീരേന്ദർ സെവാഗ് പറഞ്ഞു. 'ദിനേശ് കാർത്തിക് എന്നാണ് അവസാനമായി ആസ്ട്രേലിയയിൽ കളിച്ചത്? ഇതുപോലെ ബൗൺസുള്ള പിച്ചുകളിൽ എന്നാണ് കളിച്ചിട്ടുള്ളത്? ഇത് ഒരു ബംഗളൂരു വിക്കറ്റല്ല' -സെവാഗ് തുറന്നടിച്ചു.
നെതർലൻഡ്സിനെതിരെ ഉജ്ജ്വല ബൗളിങ് പ്രകടനം കാഴ്ചവെച്ച അക്സറിന് പകരം ഹൂഡയെ ഇറക്കിയത് ശരിയായില്ലെന്ന് മുൻ ഓപണർ ഗൗതം ഗംഭീറും വ്യക്തമാക്കി. പ്രതിസന്ധിസമയങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന കൃത്യമായ ബോധ്യം ദിനേശ് കാർത്തിക് പ്രകടിപ്പിക്കേണ്ടിയിരുന്നുവെന്നും പെർത്തിൽ അതു കണ്ടില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി.
അതേസമയം, ചെറിയ പരിക്കുകൂടി അലട്ടുന്ന 'ഡി.കെ'യെ മാറ്റി ഋഷഭ് പന്തിനെ ബംഗ്ലാദേശിനെതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഇറക്കിയേക്കുമെന്ന് സൂചനയുണ്ട്. പാകിസ്താനെതിരായ ആദ്യ കളിയിൽ ഒരു റണ്ണിന് പുറത്തായ താരത്തിന് നെതർലൻഡ്സിനെതിരെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ടീം തകരുമ്പോൾ ഇറങ്ങി 15 പന്തിൽ ആറു റൺസ് മാത്രം ചേർത്ത് പുറത്താവുകയായിരുന്നു. ഓപണർ കെ.എൽ. രാഹുലിനും കഴിഞ്ഞ മൂന്നു മത്സരത്തിലും രണ്ടക്കംപോലും കാണാനാവാതെ മടങ്ങേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.