തുടർച്ചയായ മൂന്നാം ജയം; ആസ്ട്രേലിയക്കെതിരെ ആദ്യ പരമ്പര ജയവുമായി ചരിത്രമെഴുതി ബംഗ്ലദേശ്
text_fieldsധാക്ക: തുടർച്ചയായ മൂന്നാം ട്വന്‍റി 20യിലും ആസ്ട്രേലിയയെ തകർത്തെറിഞ്ഞ് ചരിത്രജയം സ്വന്തമാക്കി ബംഗ്ലദേശ്. ആസ്ട്രേലിയക്കെതിരെ ഇതാദ്യമായാണ് ഏതെങ്കിലും ഒരു ഫോർമാറ്റിൽ ബംഗ്ലദേശ് വിജയിക്കുന്നത്.
പതിവുപോലെ ഗംഭീരമായാണ് ഓസീസ് പന്തെറിഞ്ഞത്. ബംഗ്ലദേശിനെ 127 റൺസിന് പുറത്താക്കിയ ആസ്ട്രേലിയക്ക് ബാറ്റിങ്ങിൽ ഇക്കുറിയും പിഴക്കുകയായിരുന്നു. നാലുവിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂവെങ്കിലും ഓസീസ് ഇന്നിങ്സ് 117 റൺസിലവസാനിച്ചു. 47 പന്തിൽ 51 റൺസെടുത്ത മിച്ചൽ മാർഷ് മാത്രമേ പിടിച്ചുനിന്നുള്ളൂ.
നാലോവർ എറിഞ്ഞ് വെറും ഒൻപത് റൺസിന് രണ്ട് വിക്കറ്റെടുത്ത മുസ്തഫിസുറാണ് ഓസീസിനെ വരിഞ്ഞുമുറുക്കിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നഥാൻ എല്ലിസ് അവസാന ഒാവറിൽ നേടിയ ഹാട്രിക് മാത്രമാണ് മത്സരത്തിൽ ഓസീസിന് ആശ്വസിക്കാനുള്ളത്.
ആദ്യ ട്വന്‍റി 20യിൽ 23 റൺസിനും രണ്ടാം ട്വന്‍റിയിൽ അഞ്ചുവിക്കറ്റിനും ബംഗ്ലദേശ് വിജയിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരെ പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ ബംഗ്ലദേശിലും പരാജയമണഞ്ഞത് ട്വന്‍റി 20 ലോകകപ്പിനൊരുങ്ങുന്ന ആസ്ട്രേലിയയുടെ ചങ്ക് തകർക്കുന്നതാണ്. ഡേവിഡ് വാർണർ, െഗ്ലൻ മാക്സ്വെൽ, ആരോൺ ഫിഞ്ച് അടക്കമുള്ള പ്രമുഖരില്ലാതെയെത്തിയ ഓസീസ് ടീമിനെ മാത്യൂവെയ്ഡാണ് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.