ആദ്യ ടെസ്റ്റിൽ കിവീസിനെ 150 റൺസിന് തകർത്തെറിഞ്ഞ് ബംഗ്ലാദേശ്; ചരിത്ര നേട്ടം
text_fieldsസ്വന്തം തട്ടകത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനെ 150 റൺസിന് തകർത്തെറിഞ്ഞ് ബംഗ്ലാദേശ്. ഇതാദ്യമായാണ് കടുവകൾ സ്വന്തം മണ്ണിൽ കിവീസിനെ പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ബംഗ്ലാദേശ്, ന്യൂസിലൻഡിനെ അവരുടെ തട്ടകത്തിൽ പോയി തോൽപ്പിച്ചിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് നേടിയ തയ്ജുല്‍ ഇസ്ലാമാണ് ന്യൂസിലൻഡിനെ തകർത്തത്.
രണ്ടാം ഇന്നിങ്സിൽ 332 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടിം സൗത്തിയും സംഘവും 181 റൺസിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റുമായി തയ്ജുൽ ഇസ്‍ലാം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സ്കോർ - ബംഗ്ലാദേശ്: 310, 338 & ന്യൂസിലന്‍ഡ്: 317, 181. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.
58 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. നായകൻ ടിം സൗത്തി 34 റണ്‍സ് എടുത്തു. ഡിവോൺ കോൺവോയി ഇഷ് സോധി എന്നിവർ 22 റൺസ് വീതവുമെടുത്തു. അവശേഷിച്ച ബാറ്റർമാരിൽ ആർക്കും തന്നെ 20 റൺസ് തികക്കാൻ കഴിഞ്ഞില്ല. ഗ്ലെന്‍ ഫിലിപ്‌സ് (12), കെയ്ന്‍ വില്യംസണ്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബംഗ്ലാദേശിന് വേണ്ടി നയീം ഹസന്‍ രണ്ട് വിക്കറ്റുകൾ നേടി. ഷൊറിഫുല്‍ ഇസ്ലാം, മെഹിദ് ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിങ്സിൽ ടോസ് നേടി ബാറ്റെടുത്ത ബംഗ്ലാദേശ് 310 റൺസായിരുന്നു എടുത്തത്. മഹ്‌മുദുല്‍ ഹസന്‍ ജോയുടെ അർധ സെഞ്ച്വറിയാണ് (86) അവർക്ക് തരക്കേടില്ലാത്ത സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ കെയിൻ വില്യംസണിന്റെ സെഞ്ച്വറിയുടെ (104) കരുത്തിൽ കിവീസ് 317 റൺസ് നേടി. എന്നാൽ, രണ്ടാം ഇന്നിങ്സിൽ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ സെഞ്ച്വറിയും മുഷ്ഫിഖുര്‍ റഹീമിന്റെ അർധ സെഞ്ച്വറിയുമടക്കം (67) കടുവകൾ 338 റൺസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.