20 ഓവറിൽ 349 റൺസ്, 37 സിക്സറുകൾ! ടി20 റെക്കോഡുകൾ തകർത്ത് ബറോഡ
text_fieldsഇന്ദോർ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20യിൽ ലോക റെക്കോഡ് തകർത്ത് വമ്പൻ പ്രകടനവുമായി ബറോഡ ടീം. സിക്കിമിനെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ബറോഡ ടീം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് അടിച്ചുകൂട്ടിയത്. ഒക്ടോബറിൽ ഗാംബിയക്കെതിരെ സിംബാബ്വെ അടിച്ചെടുത്ത 344 റൺസിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. ഇന്നിങ്സിലാകെ പിറന്നത് 37 സിക്സറുകളാണ്. ഇതും ലോക റെക്കോഡാണ്. സിംബാബ്വെ നേടിയ 27 സിക്സിന്‍റെ റെക്കോഡാണ് മറികടന്നത്. അതും പത്ത് സിക്സറുകളുടെ മാർജിനിൽ!
അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ‘എ’ക്കുവേണ്ടി കളിച്ച ശശ്വന്ത് റാവത്ത്, 19 പന്തിൽ അർധ സെഞ്ച്വറി നേടിയ അഭിമന്യു രജ്പുത് എന്നിവർ ചേർന്നാണ് ബറോഡയുടെ വെടിക്കെട്ട് ഇന്നിങ്സിന് തിരികൊളുത്തിയത്. ഓപ്പണിങ് വിക്കറ്റിൽ പവർപ്ലേയിൽ 92 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പിന്നാലെയിറങ്ങിയ ഭാനു പാനിയ 42 പന്തിൽ സെഞ്ച്വറി കണ്ടെത്തി. അഞ്ച് ഫോറും 15 സിക്സറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 20 പന്തിൽ അർധ ശതകം പിന്നിട്ട പാനിയ അടുത്ത 22 പന്തിൽ മൂന്നക്കം തികച്ചു. ആഭ്യന്തര വൈറ്റ് ബാൾ ക്രിക്കറ്റിൽ താരത്തിന്‍റെ ആദ്യ സെഞ്ച്വറിയാണിത്. 51 പന്ത് നേരിട്ട താരം 134 റൺസുമായി പുറത്താകാതെ നിന്നു.
ശിവാലിക് ശർമ, വിഷ്ണു സോളങ്കി എന്നിവരും ബറോഡക്കു വേണ്ടി അർധ ശതകം കണ്ടെത്തി. ശിവാലിക് 17 പന്തിൽ 55 റൺസ് നേടിയപ്പോൾ 16 പന്തിൽ 50 റൺസാണ് സോളങ്കിയുടെ സമ്പാദ്യം. ടീം സ്കോർ 290ൽ നിൽക്കെ സോളങ്കി വീണു. എന്നാൽ റെക്കോഡ് കുതിപ്പിന് തടയിടാൻ സിക്കിം ബോളർമാർക്കു കഴിഞ്ഞില്ല. പന്തെറിഞ്ഞ ഏഴിൽ നാലുപേരും ഓവറിൽ 20 റൺസിലധികം വഴങ്ങി. 350 റൺസ് പിന്തുടർന്നിറങ്ങിയ സിക്കിമിന്‍റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസിൽ അവസാനിച്ചു. 263 റൺസിനാണ് ബറോഡയുടെ മിന്നും ജയം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിലും വമ്പൻ ജയം പിടിക്കാൻ ടീമിനായെന്നത് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.