ബേസിൽ തമ്പി മുംബൈയിൽനിന്ന് പുറത്ത്; വില്യംസണെ ഹൈദരാബാദിനും ബ്രാവോയെ ചെന്നൈക്കും വേണ്ട
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിന് മുന്നോടിയായി നിലനിർത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ, നിക്കൊളാസ് പൂരൻ എന്നിവരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയപ്പോൾ ഡ്വൈൻ ബ്രാവോ, ക്രിസ് ജോർദാൻ, ആദം മിൽനെ തുടങ്ങിയ പ്രമുഖ താരങ്ങളെ ചെന്നൈ സൂപ്പർ കിങ്സും മലയാളി താരം ബേസിൽ തമ്പി, ഫാബിയൻ അലൻ, ഡാനിയൽ സാംസ് തുടങ്ങിയവരെ മുംബൈ ഇന്ത്യൻസും അജിൻക്യ രഹാനെ, ആരോൺ ഫിഞ്ച്, മുഹമ്മദ് നബി എന്നിവരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഒഴിവാക്കി. മുംബൈ ഇന്ത്യൻസ് താരം കീറൺ പൊള്ളാർഡ് ഇന്ന് ഐ.പി.എല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
പുതിയ സീസണിന് മുന്നോടിയായി സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 16 താരങ്ങളെയും മുംബൈ ഇന്ത്യൻസ് 13 താരങ്ങളെയും ലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തു. കൊൽക്കത്ത നിരയിൽ പാറ്റ് കമ്മിൻസ്, അലക്സ് ഹെയ്‍ൽസ്, സാം ബില്ലിങ്സ് എന്നിവർ വ്യക്തിപരമായ കാരണങ്ങളാൽ ഐ.പി.എല്ലിൽനിന്ന് ഒഴിവായി.
ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന മിനി ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ കളിക്കാരുടെ പട്ടിക പ്രഖ്യാപിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. അതേസമയം, ഐ.പി.എൽ താരലേലത്തിന് മുമ്പ് ആള്‍റൗണ്ടര്‍ ഷാർദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിൽ നിന്നാണ് താരത്തെ ടീമിലെത്തിച്ചത്. കഴിഞ്ഞ ഐ.പി.എല്‍ താരലേലത്തിൽ 10.75 കോടി മുടക്കിയാണ് ഷാർദുലിനെ ഡൽഹി സ്വന്തമാക്കിയിരുന്നത്. ഇന്ത്യന്‍ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ 31കാരനായ ഷാർദുല്‍ ഭാഗമാണ്. ഒരു ദിവസം മാത്രം നീളുന്ന മിനി താരലേലമാണ് കൊച്ചിയിൽ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.