'നീ നെറ്റ്സിൽ കളിക്കുന്നത് നിർത്തുന്നതാ നല്ലത്'; ബാബറിനെതിരെ ആഞ്ഞടിച്ച് മുൻ താരം
text_fieldsപാകിസ്താൻ സൂപ്പർതാരം ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്താൻ താരം ബാസിത് അലി. പാകിസ്താൻ പരാജയപ്പെട്ട ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിലെ മോശം പ്രകടനം മൂലമാണ് അദ്ദേഹത്തിനെതിരെ ബാസിത് അലി സംസാരിച്ചത്. ആദ്യ ഇന്നിങ്സിൽ രണ്ട് പന്തിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയ ബാബർ രണ്ടാം ഇന്നിങ്സിൽ 22 റൺസ് മാത്രം നേടി പുറത്തായി. ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ബാബർ അസം എന്നാൽ ഒരു അർധസെഞ്ച്വറി തികച്ചിട്ട് 14 ഇന്നിങ്സുകൾ കഴിഞ്ഞു.
ഡിസംബർ 2022ൽ ന്യൂസിലാൻഡിനെതിരെ നേടിയ161 റൺസാണ് അദ്ദേഹത്തിന്‍റെ അവസാനത്തെ നല്ലൊരു ഇന്നിങ്സ്. ബാബറിനോട് നെറ്റ്സിൽ മാത്രം ഒരുപാട് ബാറ്റ് ചെയ്യേണ്ട കാര്യമില്ലെന്നും അവിടെ മാത്രം ഒരുപാട് റൺസ് നേടിയിട്ട് എന്ത് ഗുണമെന്നും ബാസിത് അലി പറയുന്നു.
'നെറ്റ്സിൽ കളിക്കുന്നത് നിർത്തൂ. നെറ്റ്സിൽ തന്നെ നിന്‍റെ എല്ലാ റൺസും നേടിയാൽ മത്സരത്തിൽ എന്ത് ചെയ്യും നീ? നീ രണ്ട് മണിക്കൂർ ബാറ്റ് ചെയ്യേണ്ട സ്ഥലത്ത് ബാറ്റ് ചെയ്യാതെ നെറ്റ്സിൽ കളിച്ചതുകൊണ്ട് എന്ത് കാര്യം, പ്രാക്ടീസിനായി സ്കിപ്പിങ്ങോ നോക്കിങ്ങോ ചെയ്യൂ,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.
ആദ്യ ഇന്നിങ്സിൽ 448 റൺസ് നേടി ഡിക്ലെയർ ചെയ്ത പാകിസ്താനെതിരെ ബംഗ്ലാദേശ് 565 റൺസ് നേടി തിരിച്ചടിക്കുകയായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ വെറും 146 റൺസ് നേടി പാകിസ്താൻ പുറത്തായി ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമാകാതെ തന്നെ രണ്ടാം ഇന്നിങ്സിൽ വിജയലക്ഷ്യമായ 30 റൺസ് സ്വന്തമാക്കി മത്സരം വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.