ഗ്രീൻഫീൽഡിൽ തീയിട്ട് ബാറ്റർമാർ; ഇന്ത്യക്ക് കൂറ്റൻ സ്കോർ
text_fieldsതിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റെടുത്ത ഇന്ത്യക്കാരെല്ലാം തീപടർത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയർ അടിച്ചുകൂട്ടിയത് റെക്കോഡ് സ്കോർ. യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‍വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അർധസെഞ്ച്വറികൾക്കൊപ്പം അവസാന ഓവറുകളിൽ റിങ്കുസിങ്ങിന്റെ തകർപ്പനടികളും ചേർന്നപ്പോൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് ഇന്ത്യൻ യുവനിര അടിച്ചെടുത്തത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന സ്കോറിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് യശസ്വി ജയ്സ്വാൾ-ഋതുരാജ് ഗെയ്ക്‍വാദ് സഖ്യം നൽകിയത്. ജയ്സ്വാളിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 77 റൺസ് അടിച്ചെടുത്തു. 25 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 53 റൺസ് നേടിയ ജയ്സ്വാളിനെ നതാൻ എല്ലിസിന്റെ പന്തിൽ ആദം സാംബ പിടികൂടിയതോടെയാണ് ആസ്ട്രേലിയൻ ബൗളർമാർക്ക് ശ്വാസം നേരെവീണത്. എന്നാൽ, ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. തുടർന്നെത്തിയ ഇഷാൻ കിഷൻ ഋതുരാജ് ഗെയ്ക്‍വാദിനൊപ്പം അടി തുടർന്നു. ഇരുവരും ചേർന്ന് സ്കോർബോർഡിൽ 58 പന്തിൽ 87 റൺസ് ചേർത്താണ് പിരിഞ്ഞത്. 32 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റൺസടിച്ച ഇഷാൻ കിഷനെ മാർകസ് സ്റ്റോയിനിസിന്റെ പന്തിൽ നതാൻ എല്ലിസ് പിടികൂടുകയായിരുന്നു.
തുടർന്നെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ സ്റ്റോയിനിസിനെ സിക്സടിച്ചാണ് തുടങ്ങിയത്. എന്നാൽ, നായകന് അധികം ആയുസുണ്ടായില്ല. 10 പന്തിൽ രണ്ട് സിക്സടക്കം 19 റൺസ് നേടിയ സൂര്യയെ നതാൻ എല്ലിസ് സ്റ്റോയിനിസിന്റെ കൈയിലെത്തിക്കുകയായിരുന്നു. അടുത്ത ഊഴം റിങ്കു സിങ്ങിനായിരുന്നു. ഒമ്പത് പന്ത് മാത്രം നേരിട്ട താരം രണ്ട് സിക്സും നാല് ഫോറുമടക്കം 31 റൺസുമായി പുറത്താകാതെ നിന്നു. ഓവർ പൂർത്തിയാകുമ്പോൾ രണ്ട് പന്തിൽ ഏഴ് റൺസുമായി തിലക് വർമയായിരുന്നു റിങ്കു സിങ്ങിന് കൂട്ട്. ഋതുരാജ് ഗെയ്ക്‍വാദ് 43 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 58 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. താരത്തെ എല്ലിസ് എറിഞ്ഞ അവസാന ഓവറിൽ ടിം ഡേവിഡ് പിടികൂടുകയായിരുന്നു.
ആസ്ട്രേലിയൻ നിരയിൽ നതാൻ എല്ലിസ് നാലോവറിൽ 45 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് മാർകസ് സ്റ്റോയിനിസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.