'മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചിട്ടില്ല'; മറ്റൊരു ദിവസം നടത്താനുള്ള ശ്രമവുമായി ബി.സി.സി.ഐ
text_fieldsഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ടോസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റദ്ദാക്കിയിരിക്കുകയാണ്. ബി.സി.സി.ഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലായിരുന്നു മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.
എന്നാൽ റദ്ദാക്കിയ മാഞ്ചസ്റ്റർ ടെസ്റ്റ് മറ്റൊരു ദിവസം നടത്തുന്നതിനുള്ള സാധ്യതകൾ പരിഗണിക്കാനായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബി.സി.സി.ഐ രംഗത്തെത്തി. നിലവിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡുമായി (ഇ.സി.ബി) ചേർന്ന് അതിന് വേണ്ടിയുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
"ടെസ്റ്റ് മാച്ച് നടത്തുന്നതിനുള്ള മാർഗ്ഗം കണ്ടെത്താനായി ബി.സി.സി.ഐയും ഇ.സി.ബിയും നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ സംഘത്തിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓൾഡ് ട്രാഫോർഡ് ടെസ്റ്റ് മത്സരം നിർത്തിവെക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. ഇരു ബോർഡുകളും തമ്മിലുള്ള മികച്ച ബന്ധത്തിെൻറ അടിസ്ഥാനത്തിൽ റദ്ദാക്കിയ ടെസ്റ്റ് മത്സരത്തിെൻറ പുനക്രമീകരണം ഇസിബിയ്ക്ക് ബിസിസിഐ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ടെസ്റ്റ് മത്സരം പുനക്രമീകരിക്കാനുള്ള ഒരു ജാലകം കണ്ടെത്താൻ രണ്ട് ബോർഡുകളും ചേർന്ന് പ്രവർത്തിക്കും. -പ്രസ്താവനയിൽ ബി.സി.സി.ഐ കൂട്ടിച്ചേർത്തു.
അവസാന ടെസ്റ്റ് മത്സരം മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾ എല്ലാവരും കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ കോവിഡ് ഭീതിയുള്ള സാഹചര്യത്തിൽ കളിക്കാനിറങ്ങുന്നതിൽ ഒന്നിലധികം ഇന്ത്യൻ താരങ്ങൾ ആശങ്കയറിയിക്കുകയായിരുന്നു.
മത്സരം ഇന്ന് ആരംഭിക്കില്ല എന്ന് കമേന്ററ്ററായി ഇംഗ്ലണ്ടിലുള്ള ക്രിക്കറ്റ് താരം കൂടിയായ ദിനേശ് കാർത്തിക് ട്വീറ്റ് ചെയ്തിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ബൗളിങ് കോച്ച് ഭരത് അരുണിനും പിന്നാലെ ജൂനിയർ ഫിസിയോ യോഗേഷ് പാർമറും പോസിറ്റിവായതോടെ മത്സരത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. വ്യാഴാഴ്ച ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയിരുന്നില്ല.
ആർ.ടി.പി.സി.ആർ പരിശോധന ഫലം വരുന്നതുവരെ കളിക്കാർ സമ്പർക്കമില്ലാതെ തുടരണമെന്നതിനാലാണ് വ്യാഴാഴ്ച ടീം പരിശീലനം ഒഴിവാക്കിയത്. ശാസ്ത്രിയും അരുണും പോസിറ്റിവായതോടെ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരും സമ്പർക്കവിലക്കിലായിരുന്നു. പിന്നാലെ ജൂനിയർ ഫിസിയോ യോഗേഷ് പാർമറും പോസിറ്റിവായതോടെ ടീമിന് ഫിസിയോ ഇല്ലാതായി. പ്രധാന സപ്പോർട്ട് സ്റ്റാഫുകളിൽ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് മാത്രമാണ് ടീമിനൊപ്പം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.