ടെസ്റ്റ് കളിക്കൂ പണം വാരൂ! മാച്ച് ഫീയുടെ മൂന്നിരട്ടി ബോണസ് പ്രഖ്യാപിച്ച് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിനോട് പല താരങ്ങളും മുഖംതിരിച്ചുകൊണ്ടിരിക്കെ ഇൻസെന്റിവ് പദ്ധതിയുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. വാർഷിക ചക്രത്തിൽ കുറഞ്ഞത് 75 ശതമാനം ടെസ്റ്റെങ്കിലും കളിക്കുന്നവർക്ക് ഓരോ മത്സരത്തിനും മാച്ച് ഫീ അടക്കം 60 ലക്ഷം രൂപയാണ് ലഭിക്കുക. 15 ലക്ഷമാണ് ടെസ്റ്റ് മാച്ച് ഫീ.
ബോണസായി 45 ലക്ഷം രൂപയും ലഭിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഓരോ വർഷവും ഒക്ടോബർ മുതൽ അടുത്ത കൊല്ലം സെപ്റ്റംബർ വരെയാണ് വാർഷിക ചക്രം. 50 മുതൽ 75 ശതമാനത്തിൽ താഴെ മത്സരങ്ങൾ കളിക്കുന്നവർക്ക് 30 ലക്ഷമാണ് ബോണസ്. ഒരു വാർഷിക ചക്രത്തിൽ പത്ത് ടെസ്റ്റുകളുണ്ടെങ്കിൽ മുഴുവനും കളിക്കുന്നവർക്ക് മാച്ച് ഫീസായി കിട്ടേണ്ടത് ഒന്നര കോടി രൂപയാണ്. എന്നാൽ, പുതിയ പദ്ധതി പ്രകാരം ഇത് ആറു കോടി ആയി ഉയരും.
ടീമിൽ ഉണ്ടായിട്ടും അവസരം ലഭിക്കാത്തവർക്ക് പകുതി തുകയാണ് ബോണസ്. താരങ്ങൾ സാമ്പത്തിക താൽപര്യം കൂടി മുൻനിർത്തി പരിമിത ഓവർ ക്രിക്കറ്റിന്റെ പിന്നാലെ പോകുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് സ്പെഷലിസ്റ്റുകൾക്ക് അനുഗ്രഹമാവുന്ന പദ്ധതി ബി.സി.സി.ഐ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.