വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവം: മാധ്യമ പ്രവര്‍ത്തകന് വിലക്കുമായി ബി.സി.സി.ഐ
text_fieldsകൊല്‍ക്കത്ത: വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയെന്ന വിവാദത്തിൽ സ്പോർട്സ് ജേണലിസ്റ്റ് ബോറിയ മജൂംദാറിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). രണ്ട് വര്‍ഷത്തേക്കാണ് വിലക്ക്. ഇക്കാലയളവിൽ രജിസ്ട്രേഡ് കളിക്കാരുമായുള്ള അഭിമുഖത്തിനും ക്രിക്കറ്റ് റിപ്പോർട്ടിങ്ങിനും ബോറിയയെ അനുവദിക്കില്ല. ബോറിയയുമായി സഹകരിക്കരുതെന്ന് കളിക്കാരോടും നിര്‍ദേശിക്കും. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വിലക്ക് സംബന്ധിച്ച വിവരം ബി.സി.സി.ഐ കൈമാറി.
താഴെ പറയുന്ന വിലക്കുകളാണ് ബോറിയ മജൂംദാറിന് ഏർപ്പെടുത്തിയത്:
- ഇന്ത്യയിലെ ഏതെങ്കിലും (ദേശീയ, അന്തർദേശീയ) ക്രിക്കറ്റ് മത്സരങ്ങൾ റിപേപാർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകനെന്ന നിലയിൽ 2 വർഷത്തേക്ക് അക്രഡിറ്റേഷൻ നൽകില്ല
- ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും കളിക്കാരുമായി അഭിമുഖം നടത്തുന്നതിന് 2 വർഷത്തെ വിലക്ക്
- ബി.സി.സി.ഐയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ 2 വർഷ പ്രവേശന വിലക്ക്
അധിക്ഷേപം അഭിമുഖം നല്‍കാത്തതിനെചൊല്ലി
അഭിമുഖം നല്‍കാത്തതിനെ ചൊല്ലിയാണ് ബോറിയ തന്നെ അധിക്ഷേപിച്ചതെന്ന് വൃദ്ധിമാന്‍ സാഹ വെളിപ്പെടുത്തിയതോടെയാണ് വിവാദം പുറത്തറിഞ്ഞത്. ബോറിയ അയച്ച സന്ദേശങ്ങള്‍ സാഹ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിഷയത്തിൽ കടുത്ത നടപടിയാവശ്യപ്പെട്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം സാഹയെ പിന്തുണച്ചതോടെ ബോറിയക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ അരുൺ ധുമാൽ, കൗൺസിലർ പ്രഭ്തേജ് സിംഗ് ഭാട്ടിയ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് സംഭവത്തില്‍ ബോറിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, സാഹ തന്റെ ചാറ്റുകള്‍ വളച്ചൊടിച്ചതാണെന്നും സ്ക്രീന്‍ഷോട്ടുകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും ബോറിയ ആരോപിച്ചു. എന്നാൽ, ഭീഷണിയുടെയും അധിക്ഷേപത്തിന്റെയും സ്വഭാവത്തിലായിരുന്നു ബോറിയ മജുംദാറിന്റെ സന്ദേശങ്ങളെന്ന് അന്വേഷണ സമിതി നിരീക്ഷിച്ചു. ബോറിയയുടെയും സാഹയുടെയും വിശദീകരണം കേട്ട ശേഷമാണ് സമിതി വിലക്കാനുള്ള തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.