‘സഞ്ജു ടീമിലെത്തിയില്ലെങ്കിൽ ട്വിറ്ററിൽ കടന്നൽ കൂടിളകും’- സ്റ്റിങ് ഓപറേഷനിൽ ചേതൻ ശർമ
text_fieldsബാറ്റിങ് വെടിക്കെട്ടുമായി ഐ.പി.എല്ലിലുൾപ്പെടെ മുൻനിര സാന്നിധ്യമായ മലയാളി താരത്തിന് ദേശീയ ടീമിൽ ഇടംലഭിച്ചില്ലെങ്കിൽ സമൂഹ മാധ്യമത്തിൽ വിവരമറിയുമെന്ന് ദേശീയ സെലക്ടർ ചേതൻ ശർമ. പ്രമുഖ ചാനൽ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു വെളിപ്പെടുത്തൽ. ഡബ്ളടിച്ച് ശുഭ്മാൻ ഗിലും സമാനമായി ഇശാൻ കിഷനും നടത്തിയ മാസ്മരിക പ്രകടനങ്ങൾ സഞ്ജു സാംസന്റെ ദേശീയ കരിയർ അപകടത്തിലാക്കിയെന്നും ചേതൻ ശർമ പറഞ്ഞു. മുൻനിര താരങ്ങളെയെല്ലാം പരാമർശിച്ച സ്റ്റിങ് ഓപറേഷൻ വിവാദ കൊടുങ്കാറ്റുയർത്തിയതോടെ ചേതൻ ശർമ പ്രതികരണം നൽകാതെ ‘മുങ്ങിയതായി’ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ചേതൻ ശർമ തുടരണോയെന്ന കാര്യത്തിൽ ബി.സി.സി.ഐ അധ്യക്ഷൻ ജയ് ഷായുടെ നേതൃത്വത്തിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. താരങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യങ്ങളടക്കം പുറത്തെത്തിച്ചത് ഗുരുതര അച്ചടക്ക ലംഘനമായാണ് ബന്ധപ്പെട്ടവർ കാണുന്നത്.
വിരാട് കോഹ്‍ലിയുൾപ്പെടെ താരങ്ങളെ കുറിച്ചും സ്റ്റിങ് ഓപറേഷനിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. കളിയെക്കാൻ താനാണ് വലുതെന്ന് വിശ്വസിക്കുന്നയാളാണ് കോഹ്‍ലിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. കോഹ്‍ലിയെ നായകസ്ഥാനത്തുനിന്ന് ഇറക്കുന്നതിൽ അന്നത്തെ ബി.സി.സി.ഐ അധ്യക്ഷന് പങ്കൊന്നുമില്ല. താനുൾപ്പെടെ സെലക്ടർമാർ ഒന്നിച്ചെടുത്ത തീരുമാനമാണ്. രോഹിത് ശർമയെ നായകനാക്കുന്നതിന് അനുകൂലമായിരുന്നില്ലെങ്കിലും കോഹ്‍ലിയെ മാറ്റിനിർത്തണമെന്നതിൽ ഏകാഭിപ്രായക്കാരായിരുന്നു’’- ചേതൻ ശർമ അഭിപ്രായപ്പെട്ടു. സൗരവ് ഗാംഗുലിയാണ് തന്നെ പുറത്താക്കാൻ മുന്നിൽനിന്നതെന്നായിരുന്നു കോഹ്‍ലിക്ക് സംശയമെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
വേണ്ടത്ര ഫിറ്റ്നസ് ഇല്ലാത്ത താരങ്ങൾ 100 ശതമാനം ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് വരുത്താൻ ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതായും പരിശോധനയിൽ പിടിക്കപ്പെടാത്ത ഉത്തേജകങ്ങളാണ് ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ ഡോക്ടർമാരാണ് ഇതിന് മുന്നിൽനിന്നത്. ടീം മാനേജ്മെന്റിന് ഇതേ കുറിച്ച് അറിയില്ലായിരുന്നു.
2022ലെ ആസ്ട്രേലിയൻ പരമ്പരയിൽ ജസ്പ്രീത് ബുംറ തന്റെ പരിക്ക് മറച്ചുവെച്ചാണ് എത്തിയത്. ട്വൻറി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാനായിരുന്നു ഇത് ചെയ്തത്. അതോടെ, ഇപ്പോഴും തിരിച്ചെത്താനാകാത്ത വിധം പരിക്ക് കൂടി.
രോഹിത് ശർമയും കോഹ്‍ലിയും തമ്മിൽ ഇപ്പോഴും പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും വെളിപ്പെടുത്തി. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരുമായി മികച്ച ബന്ധമാണുള്ളത്. ഹാർദിക് ഇടക്ക് വീട്ടിൽ വരാറുണ്ട്. രോഹിത് ഇടക്കു വിളിച്ചാൽ 30 മിനിറ്റ് വരെ സംസാരം നീണ്ടുനിൽക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.