ഒടുവിൽ രാജി; ഒളി കാമറയിൽ കുടുങ്ങിയ ചീഫ് സെലക്ടർ ചേതൻ ശർമ പുറത്ത്
text_fieldsഇന്ത്യൻ ടീമിനെ പ്രതിസന്ധിയുടെ മുനയിൽ നിർത്തിയ വെളിപ്പെടുത്തലുകളുമായി സ്റ്റിങ് ഓപറേഷനിൽ കുടുങ്ങിയ ബി.സി.സി.ഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവെച്ചു. സീ ന്യൂസിന്റെ ഒളികാമറ ഓപറേഷനിൽ കുടുങ്ങിയ ചേതനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് രാജി. മുൻ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങി പ്രമുഖർക്കെതിരെയെല്ലാം ചേതൻ ശർമ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ പുറത്താക്കപ്പെട്ട ശർമ അധികം ജനുവരിയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ടീമിലെ അംഗങ്ങൾ മാറിയെങ്കിലും ചേതൻ ശർമ തിരിച്ചെത്തി. ഇത്തവണ പക്ഷേ, ഉടനൊന്നും തിരിച്ചുവരവുണ്ടാകില്ലെന്നാണ് സൂചന.
ബി.സി.സി.ഐ അധ്യക്ഷൻ ജയ് ഷാ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ട്. വിഷയത്തിൽ ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
കളിയെക്കാൻ താനാണ് വലുതെന്ന് വിശ്വസിക്കുന്നയാളാണ് കോഹ്‍ലിയെന്നായിരുന്നു ചേതൻ ശർമയുടെ ഒരു ആരോപണം. കോഹ്‍ലിയെ നായകസ്ഥാനത്തുനിന്ന് ഇറക്കുന്നതിൽ അന്നത്തെ ബി.സി.സി.ഐ അധ്യക്ഷന് പങ്കില്ലെന്നും താനുൾപ്പെടെ സെലക്ടർമാർ ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായി പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേണ്ടത്ര ഫിറ്റ്നസ് ഇല്ലാത്ത താരങ്ങൾ 100 ശതമാനം ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് വരുത്താൻ ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതായും പരിശോധനയിൽ പിടിക്കപ്പെടാത്ത ഉത്തേജകങ്ങളാണ് ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
2022ലെ ആസ്ട്രേലിയൻ പരമ്പരയിൽ ജസ്പ്രീത് ബുംറ തന്റെ പരിക്ക് മറച്ചുവെച്ചാണ് എത്തിയത്. ട്വൻറി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാനായിരുന്നു ഇത് ചെയ്തത്. അതോടെ, ഇപ്പോഴും തിരിച്ചെത്താനാകാത്ത വിധം പരിക്ക് കൂടി.
ഹാർദിക് പാണ്ഡ്യ തന്നെ കാണാൻ ഇടക്ക് വീട്ടിൽ വരാറുണ്ടെന്നും വീട്ടിലെ സോഫയിൽ കിടന്നുറങ്ങിയെന്നും വരെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.