സ്പോൺസർഷിപ് തുകയായ 158 കോടി നൽകിയില്ല; ബി.സി.സി.ഐയുടെ പരാതിയിൽ ബൈജൂസിന് നോട്ടീസ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോൺസർഷിപ് തുകയിൽ 158 കോടി രൂപ നൽകിയില്ലെന്ന് കാണിച്ച് ബി.സി.സി.ഐ സമർപ്പിച്ച പരാതിയിൽ എജ്യുടെക് സ്ഥാപനമായ ബൈജൂസിന് നോട്ടീസയച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻ.സി.എൽ.ടി). രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് കാണിച്ച് നവംബർ 28നാണ് ബൈജൂസിന് നോട്ടീസ് നൽകിയത്. മറുപടി ലഭിച്ച ശേഷം ബി.സി.സി.ഐയുടെ നിലപാടറിയിക്കാൻ ഒരാഴ്ച സമയം നൽകും. ഇതിന് ശേഷം ഡിസംബർ 22ന് എൻ.സി.എൽ.ടിയുടെ ബംഗളൂരു ആസ്ഥാനമായുള്ള രണ്ടംഗ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
നൽകാൻ ബാക്കിയുള്ള തുകയെ സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ ബൈജൂസിനോട് മറുപടി ആവശ്യപ്പെട്ടിരുന്നെന്ന് ബി.സി.സി.ഐ പരാതിയിൽ പറഞ്ഞു. ബൈജൂസിന്‍റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ എതിർകക്ഷിയാക്കിയാണ് ബി.സി.സി.ഐയുടെ പരാതി.
2019ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോൺസറായി ബൈജൂസ് എത്തിയത്. ഇതിന് മുമ്പ് മൊബൈൽ നിർമാതാക്കളായ ഓപ്പോ ആയിരുന്നു സ്പോൺസർമാർ. ഇത് കൂടാതെ ഐ.സി.സി (ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍), ഫിഫ എന്നിവയുമായും ബൈജൂസിന് സ്പോൺസർഷിപ് കരാറുണ്ടായിരുന്നു. എന്നാൽ, കരാർ പുതുക്കുന്നില്ലെന്ന് ഈ വർഷമാദ്യം ബൈജൂസ് ബി.സി.സി.ഐയെ അറിയിച്ചിരുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണിത്.
4000 ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് ഈയിടെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബൈജൂസിന് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി ബൈജൂസ് ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍ വീടുകള്‍ പണയം വെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.