ഐ.പി.എല്ലിന് ശേഷം ധോണിക്ക് വിടവാങ്ങൽ മത്സരമൊരുക്കാൻ ബി.സി.സി.ഐ
text_fieldsമുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്ക് വിടവാങ്ങൽ മത്സരമൊരുക്കാൻ ബി.സി.സി.ഐ. ഇത് സംബന്ധിച്ച് ധോണിയുമായി സംസാരിക്കുമെന്ന് മുതിർന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.
'നിലവിൽ അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യ കളിക്കുന്നില്ല. ഐ.പി.എല്ലിന് ശേഷം എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും. ഇന്ത്യൻ ടീമിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച നായകനാണ് ധോണി. അദ്ദേഹം അങ്ങേയറ്റം ബഹുമാനം അർഹിക്കുന്നുണ്ട്' -ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇക്കാര്യം ധോണിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സെപ്റ്റംബറിൽ യു.എ.ഇയിൽ നടക്കുന്ന ഐ.പി.എൽ മത്സരങ്ങൾക്കിടെ ഇക്കാര്യം ധോണിയുമായി ചർച്ച ചെയ്യും. ഒരു മത്സരമോ പരമ്പരയോ കളിക്കാനാകുമോ എന്ന് ചോദിക്കും. ഇത് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നൽകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ധോണിക്ക് വിടവാങ്ങൾ മത്സരം ഒരുക്കുന്നതിനെ മുൻ ഇന്ത്യൻ താരം മദൻ ലാൽ അനുകൂലിച്ചു. ധോണി ഒരു പ്രതിഭാധനനായ കളിക്കാരനാണ്. അദ്ദേഹത്തെ ഇത്തരത്തിൽ വിടപറയാൻ അനുവദിക്കരുത്. ആരാധകർ വീണ്ടും ധോണിയെ കളിക്കളത്തിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും മദൻ ലാൽ പറഞ്ഞു.
നേരത്തെ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ധോണിക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന് ഝാർഖണ്ഡ് ആതിഥേയത്വം വഹിക്കാൻ തയാറാണെന്നും സോറൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.