കുരുക്കഴിയാതെ ചാമ്പ്യൻസ് ട്രോഫി; പാകിസ്താന്‍റെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് ബി.സി.സി.ഐ
text_fieldsദുബൈ: അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നില്ല. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിൽ നടത്താമെന്ന് പാകിസ്താൻ സമ്മതിച്ചെങ്കിലും അതിനു മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചതോടെയാണ് ചാമ്പ്യൻസ് ട്രോഫി വീണ്ടും പ്രതിസന്ധിയിലായത്.
ടൂർണമെന്‍റ് പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന് പി.സി.ബിയും ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന് ബി.സി.സി.ഐയും നിലപാടെടുത്തതോടെയാണ് ചാമ്പ്യൻസ് ട്രോഫി അനിശ്ചിതത്വത്തിലായത്. ഒടുവിൽ അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ താക്കീത് നൽകിയതോടെ മനസ്സില്ലാമനസ്സോടെ, രണ്ടു നിബന്ധനകളോടെ ഹൈബ്രിഡ് മോഡലിന് സമ്മതിക്കുകയായിരുന്നു. ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്‍റുകളിൽ പാകിസ്താന്‍റെ മത്സരങ്ങൾ സമാനരീതിയിൽ ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്നായിരുന്നു പി.സി.ബി ഇതിനായി മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളിലൊന്ന്. കൂടാതെ, ഐ.സി.സി വാർഷിക വരുമാനത്തിൽ കൂടുതൽ പങ്കുവേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈയൊരു ഉറപ്പ് എഴുതി നൽകിയാൽ മാത്രം ഹൈബ്രിഡ് മോഡലിന് തയാറാണെന്നായിരുന്നു പി.സി.ബി അറിയിച്ചത്. ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്‍റുകളിൽ പാകിസ്താന്‍റെ മത്സരം ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. അംഗീകരിക്കുകയാണെങ്കിൽ ഭാവിയിൽ ഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ടൂർണമെന്‍റുകളിൽ പാകിസ്താൻ ഫൈനലിന് യോഗ്യത നേടിയാൽ സ്വഭാവികമായും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ രാജ്യത്തിനു പുറത്തെ വേദിയിലേക്ക് മാറ്റേണ്ടിവരും. ഇത് സാമ്പത്തികമായും മറ്റും ബി.സി.സി.ഐക്ക് വലിയ നഷ്ടമുണ്ടാക്കും.
‘ഞങ്ങൾ ന്യായമായ പരിഹാരം മുന്നോട്ടുവെച്ചു. ഇന്ത്യ അത് അംഗീകരിച്ചില്ലെങ്കിൽ, ഭാവിയിൽ ഞങ്ങളും ടീമിനെ അവിടേക്ക് അയക്കില്ല. ഇന്ത്യയിൽ ഒരു ഐ.സി.സി ടൂർണമെന്‍റ് നടക്കുകയാണെങ്കിൽ, പാകിസ്താന്‍റെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റേണ്ടിവരും’ -പി.സി.ബി അധികൃതർ വ്യക്തമാക്കി. 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെക്കുകയുമായിരുന്നു.
ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്‍റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്.
2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓവലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.