ബൈജൂസ് പിന്മാറി; പുതിയ ജഴ്സി സ്‍പോൺസറെ തേടി ബിസിസിഐ, ചില കമ്പനികൾക്ക് വിലക്ക്
text_fieldsഎഡ്-ടെക് കമ്പനിയായ ബൈജൂസ് 35 മില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. മൂന്ന് ഫോർമാറ്റുകളിലും ടീമിന്റെ ജഴ്സികളിൽ ലീഡ് സ്‍പോൺസറായിരുന്നു മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. എന്നാൽ, ബ്രാൻഡിങ് ചെലവുകൾ കുറക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ബോർഡുമായുള്ള കരാർ പുതുക്കാത്തത്.
എന്തായാലും പുതിയ ലീഡ് സ്പോൺസറെ കണ്ടെത്താനുള്ള നടപടികൾ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കാരണം പുതിയ സ്പോൺസർഷിപ്പ് തേടിയുള്ള പ്രഖ്യാപനം കാര്യമായ ശ്രദ്ധ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഡ് സ്‌പോൺസറുടെ പേര് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയുടെ മുൻവശം അലങ്കരിക്കും, സമാനതകളില്ലാത്ത ദൃശ്യപരതയും എക്‌സ്‌പോഷറുമാണ് ബ്രാൻഡുകൾക്ക് അത് നൽകുക.
അഞ്ച് ലക്ഷം രൂപ നൽകി ബ്രാൻഡുകൾക്ക് ജേഴ്സി സ്പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡറുകള്‍ വാങ്ങാം. എന്നാൽ, അത് റീഫണ്ട് ചെയ്യില്ല. അപേക്ഷകള്‍ വാങ്ങാനുള്ള അവസാന തീയതി ഈ മാസം 26 ആണ് .
അതേസമയം, ഇത്തവണ ബിസിസിഐ സ്പോൺസർമാരെ ക്ഷണിച്ചിരിക്കുന്നത് കർശന നിബന്ധനകളോടെയാണ്. ചില കമ്പനികൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടാകില്ല. അതായത്, മദ്യ കമ്പനികൾ, വാതുവെപ്പ് കമ്പനികൾ, ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങൾ, റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ (ഫാന്റസി സ്‌പോർട്‌സ് ഗെയിമിംഗ് ഒഴികെ), പുകയില ബ്രാൻഡുകൾ, പോൺ കമ്പനികൾ, പൊതുതാൽപര്യത്തിന് വിരുദ്ധമായ സ്ഥാപനങ്ങൾ എന്നിവക്കൊന്നും സ്‍പോൺസർഷിപ്പിനായി അപേക്ഷിക്കാൻ കഴിയില്ല.
അഡിഡാസിനെ ഇന്ത്യയുടെ കിറ്റ് സ്‍പോൺസറായി ബി.സി.സി.ഐ തിരഞ്ഞെടുത്തതിനാൽ, കായിക വസ്ത്ര നിർമ്മാതാക്കൾക്കും ഇത്തവണ സ്‍പോൺസർഷിപ്പിന് അപേക്ഷിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.