ഏഷ്യ കപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ പതാക കൈയ്യിലേന്താൻ വിസമ്മതിച്ച് ജയ് ഷാ; വിവാദം
text_fieldsഅവസാന ഓവർ വരെ നീണ്ടുനിന്ന ഏഷ്യ കപ്പിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചതിന്റെ പൊലിമയിലാണ് ടീം ഇന്ത്യയിപ്പോൾ. പത്ത് മാസങ്ങൾക്ക് മുമ്പ് അതേ മൈതാനത്ത് നടന്ന ട്വന്റി20 ലോകകപ്പിലെ മത്സരത്തിലേറ്റ തോൽവിക്കുള്ള കണക്കുതീർക്കൽ കൂടിയായിരുന്നു ഇന്നലത്തെ വിജയം.
പാകിസ്താന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 17 പന്തില്‍ പുറത്താവാതെ 33 റണ്‍സെടുക്കുകയും ചെയ്ത ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, ദുബൈ സ്റ്റേഡിയത്തിലെ ഗ്യാലറി ഇളകി മറിയുന്ന കാഴ്ചയായിരുന്നു. വിജയം ആരാധകർ വലിയൊരു ആഘോഷമാക്കി മാറ്റി എന്ന് പറയാം. രാജ്യത്തിന്റെ വിജയം കൈയ്യടിയോടെ ആഘോഷിക്കാൻ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ഗ്യാലറയിലുണ്ടായിരുന്നു. എന്നാൽ, അതിനിടെ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്താന്‍ ജയ് ഷാ വിസമ്മതിച്ചത് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയായിരിക്കുകയാണ്.
ഒരാൾ പതാക നീട്ടുന്നതും, ജയ് ഷാ വേണ്ടെന്ന് പറയുന്നതുമായ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ആരാധകര്‍ക്ക് പിന്നാലെ രാഷ്ട്രീയക്കാരും പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി.
നിരവധി കോൺഗ്രസ് നേതാക്കൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ജയ് ഷായെ വിമർശിക്കുകയും ചെയ്തു. "എനിക്ക് പപ്പയുണ്ട്, ത്രിവർണ്ണ പതാക നിങ്ങളുടെ പക്കൽ സൂക്ഷിക്കുക." -വിഡിയോ പങ്കുവെച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. "ത്രിവർണ്ണ പതാക 'ഖാദി'യുടേതാണെന്ന് തോന്നുന്നു... 'പോളിസ്റ്ററി'ന്റേതല്ല! - കോൺഗ്രസ് നേതാവ് അജോയ് കുമാർ ട്വീറ്റ് ചെയ്തു.
"ഏതൊരു ഇന്ത്യക്കാരനും അത് സ്വീകരിക്കുമായിരുന്നു. അയാൾക്ക് ധ്വജമോ ബിജെപി പതാകയോ വേണമായിരുന്നോ?" -കോൺഗ്രസിന്റെ കർണാടക എംഎൽഎ പ്രിയങ്ക് ഖാർഗെ ചോദിച്ചു
അതോടെ, വിശദീകരണവും വന്നു. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായ ജയ് ഷാക്ക് നിയമപ്രകാരം ഒരു രാജ്യത്തിന് മാത്രം പിന്തുണ നൽകുന്ന രീതിയിൽ പെരുമാറാന്‍ സാധിക്കില്ലെന്നും, അങ്ങനെ സംഭവിച്ചാൽ അത് ചട്ടലംഘനമാണെന്നുമായിരുന്നു വിശദീകരണം.
എന്നാൽ, "എസിസി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) പ്രസിഡന്റ് എന്ന നിലയിൽ നിഷ്പക്ഷത പാലിക്കാനായി ഏതെങ്കിലും രാജ്യത്തിന്റെ പതാകയോട്, പ്രത്യേകിച്ച് നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ പതാകയോട് അനാദരവ് കാണിക്കേണ്ടതുണ്ടോ...." എന്ന് ശിവസേനയുടെ രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു.
കൈയിലുള്ള ത്രിവർണ്ണ പതാക രാഷ്ട്രത്തോടുള്ള നിശ്ചയദാർഢ്യത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമാണെന്നും ഇത്തരത്തിൽ തള്ളിക്കളയുന്നത് രാജ്യത്തെ 133 കോടി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മറ്റൊരു ട്വീറ്റിൽ അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.