ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കി വയാകോം -18; അഞ്ചു വർഷത്തേക്ക് റെക്കോഡ് തുക
text_fieldsഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കി റിലയൻസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം -18. 2023 മുതൽ 2028 വരെയുള്ള അഞ്ചു വർഷത്തെ സംപ്രേഷണാവകാശം 5,966.4 കോടി രൂപക്കാണ് ബി.സി.സി.ഐ വയാകോമിന് നൽകിയത്.
ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങൾ ടെലിവിഷനിൽ സ്പോർട്സ് 18നിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജിയോ സിനിമ വഴിയുമാകും സംപ്രേഷണം ചെയ്യുക. 2023 സെപ്റ്റംബർ മുതൽ 2028 മാർച്ച് വരെയാണ് വയാകോമുമായുള്ള കരാർ. ഈ കാലയളവിൽ 88 മത്സരങ്ങളാണ് നടക്കുക. ഇത് 102 വരെയാകാനും സാധ്യതയുണ്ട്. 25 ടെസ്റ്റ് മത്സരങ്ങളും 27 ഏകദിനങ്ങളും 36 ട്വന്‍റി20 മത്സരങ്ങളും. സോണി പിക്ചേഴ്സ് നെറ്റ്‍വർക്കും ഡിസ്നി സ്റ്റാറും വ്യാഴാഴ്ച നടന്ന ലേലത്തിൽ ശക്തമായി രംഗത്തുണ്ടായിരുന്നു.
സംപ്രേഷണാവകാശം സ്വന്തമാക്കിയ വയാകോം 18നെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അഭിനന്ദിച്ചു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ബി.സി.സി.ഐ മത്സരങ്ങളുടെ ലീനിയർ, ഡിജിറ്റൽ സംപ്രേഷണാവകാശം നേടിയ വയാകോം -18ന് അഭിനന്ദനങ്ങളെന്ന് ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
നേരത്തെ അഞ്ചു വർഷത്തേക്കുള്ള ഐ.പി.എൽ ഡിജിറ്റൽ സംപ്രേഷണാവകാശവും വനിത ഐ.പി.എല്ലിന്‍റെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശവും റെക്കോഡ് തുകക്ക് വയാകോം സ്വന്തമാക്കിയിരുന്നു. കൂടാതെ, 2024 പാരിസ് ഒളിമ്പിക്സ്, 2024 സീസണിലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങൾ, ടി10 ലീഗ്, റോഡ് സേഫ്റ്റി വേൾഡ് സീരീസ്, ലാ ലീഗ, ലീഗ് വൺ, സീരി എ ഡയമണ്ട് ലീഗ് എന്നിവയുടെ സംപ്രേഷണാവകാശവും വയാകോമിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.