കോഹ്ലിയുടെ വിമർശനം ഏറ്റു! താരങ്ങളുടെ കുടുംബ വിലക്കിൽ ബി.സി.സി.ഐക്ക് മനംമാറ്റം
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ വിലക്കിയ തീരുമാനം ബി.സി.സി.ഐ പിൻവലിച്ചേക്കും. ബോർഡിന്‍റെ നടപടിയെ കഴിഞ്ഞദിവസം സൂപ്പർതാരം വിരാട് കോഹ്ലി വിമർശിച്ചിരുന്നു.
കുടുംബാംഗങ്ങൾ ഒപ്പമുള്ളത് വലിയ ആശ്വാസമാണെന്നും കളിക്കാർക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് ബി.സി.സി.ഐക്ക് മനംമാറ്റമുണ്ടായത്. ബി.സി.സി.ഐ അനുമതിയോടെ പര്യടനങ്ങളിൽ കുടുംബാംഗങ്ങളെയും കൂടെ താമസിപ്പിക്കാനാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനായി താരങ്ങൾ മുൻകൂട്ടി ബി.സി.സി.ഐയുടെ അനുമതി വാങ്ങണം.
നാട്ടിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര അടിയറവെക്കുകയും ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആസ്ട്രേലിയയോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് ബി.സി.സി.ഐ കർശന നിർദേശങ്ങൾ നടപ്പാക്കിയത്. പുതിയ നിർദേശമനുസരിച്ച് 45 ദിവസത്തിൽ കൂടുതലുള്ള ഒരു പര്യടനത്തിന്റെ ആദ്യ രണ്ടാഴ്ചക്ക് ശേഷം കളിക്കാരുടെ അടുത്ത കുടുംബാംഗങ്ങൾ, പങ്കാളികൾ, കുട്ടികൾ എന്നിവർക്ക് 14 ദിവസത്തേക്ക് മാത്രമേ താരങ്ങൾക്കൊപ്പം താമസിക്കാൻ അനുമതി നൽകിയിരുന്നുള്ളു.
അതും ബി.സി.സി.ഐയുടെ മുൻകൂർ അനുമതിയോടെ മാത്രം. ഇതിനെയാണ് കോഹ്ലി വിമർശിച്ചത്. മത്സരം ജയിച്ചാലും തോറ്റാലും തിരികെ മുറിയിലെത്തുമ്പോൾ ആശ്വസിപ്പിക്കാനോ, ആഘോഷിക്കാനോ കുടുംബം കൂടെ വേണമെന്നും കുടുംബത്തിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്നയാളാണ് താനെന്നും കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. ഐ.പി.എല്ലിനോട് അനുബന്ധിച്ച് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീം സംഘടിപ്പിച്ച പരിപാടിയിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
മത്സരം കഴിഞ്ഞ് റൂമിൽ പോയി ഒറ്റക്ക് ഇരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സമയം ലഭിക്കുമ്പോഴെല്ലാം കുടുംബത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.