വന്നതുപോലെ തിരികെ പോകാമെന്ന് കരുതിയോ; ചില കടമ്പകളുണ്ടെന്ന് റെയ്നയോട് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: െഎ.പി.എൽ 13ാം സീസണിൽ കളിക്കാനില്ലെന്ന സ്റ്റാർ ബാറ്റ്സ്മാൻ സുരേഷ് റെയ്നയുടെ പ്രഖ്യാപനം ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കും ഒരുപോലെ ഞെട്ടൽ സമ്മാനിച്ചിരുന്നു. തുടക്കത്തിൽ മാനേജ്മെൻറുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് താരം ടീം വിട്ടതെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ് ഐ.പി.എൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന വിശദീകരണമായിരുന്നു റെയ്‌ന നൽകിയത്.
അതേസമയം, കഴിഞ്ഞ ദിവസം റെയ്‌ന തന്നെ ടീമിലേക്ക് തിരിച്ചുവരുന്നതിെൻറ സൂചനകൾ നൽകിയിരുന്നു. ടീം ഉടമ ശ്രീനിവാസൻ റെയ്നയുടെ തിരിച്ചുവരവിന് പൂർണ്ണസമ്മതം മൂളിയതായും റിപ്പോർട്ടുകൾ വന്നു. എന്നാൽ, ഒരിക്കൽ ഉപേക്ഷിച്ച് പോയ ടീമിലേക്ക് അത്ര എളുപ്പത്തില്‍ തിരികെ വരാൻ റെയ്‌നയ്ക്കു കഴിഞ്ഞേക്കില്ല. ഫ്രാഞ്ചൈസി അനുകൂലമായി പ്രതികരിച്ചെങ്കിലും ബി.സി.സി.ഐയുടെ ഭാഗത്തുനിന്നുകൂടി അനുമതി ലഭിക്കേണ്ടതുണ്ട്.
തിരികെ വരാൻ റെയ്‌ന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരത്തേ ടീം വിട്ട് നാട്ടിലേക്കു പോയതിെൻറ യഥാര്‍ഥ കാരണം അറിയേണ്ടതുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ ടൈംസ് ഒാഫ് ഇന്ത്യയോട് വ്യക്തമാക്കി. ചിലപ്പോള്‍ അത് കുടുംബവുമായി ബന്ധപ്പെട്ടതാവാം, ചിലപ്പോള്‍ വ്യക്തിപരമാവാം, ചിലപ്പോള്‍ നായകൻ മഹേന്ദ്ര സിങ് ധോണിയുമായുള്ള തര്‍ക്കവുമാവാം. അതെല്ലാം ചെന്നൈയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ, മാനസികസംഘര്‍ഷമോ വിഷാദ രോഗമോ മൂലമാണ് റെയ്‌ന മടങ്ങിപ്പോയതെങ്കിൽ അത് ഗൗരവമായി എടുക്കേണ്ടതുണ്ട്. അതുപോലുള്ള പ്രശ്‌നങ്ങൾ വല്ലതുമാണെങ്കിൽ താരത്തെ തിരിച്ച് യു.എ.ഇയിലേക്കു പോകാന്‍ അനുവദിക്കില്ല. അവിടെ എത്തിയതിന് ശേഷം അരുതാത്തതായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ആരായിരിക്കും ഉത്തരവാദിയെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥൻ ചോദിച്ചു.
താരം ബി.സി.സി.െഎക്ക് നൽകുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമായിരിക്കും യുഎഇയിലേക്കു പറക്കാന്‍ പച്ചക്കൊടി കാണിക്കുക. മാനസിക പ്രശ്‌നങ്ങളായിരുന്നു പിന്‍മാറ്റത്തിനു പിന്നിലെങ്കില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഏതെങ്കിലും കൗണ്‍സലിങിന് അദ്ദേഹം വിധേയനായിട്ടുണ്ടോ എന്നും ബി.സി.സി.ഐക്ക് അറിയേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.