രോഹിത്തിന്‍റെയും കോഹ്ലിയുടെയും ‘തിരിച്ചുവരവ്’ ആഗസ്റ്റിൽ? പുതിയ വൈറ്റ് ബാൾ പരമ്പരക്കായി ചർച്ച നടത്തി ബി.സി.സി.ഐ
text_fieldsമുംബൈ: ആരാധകർക്ക് ഭാഗ്യമുണ്ടെങ്കിൽ വെറ്ററൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യൻ ജഴ്സിയിൽ ക്രിക്കറ്റ് കളിക്കുന്നത് അധികം വൈകാതെ കാണാനുള്ള ഭാഗ്യമുണ്ടാകും. ബംഗ്ലാദേശ് പര്യടനത്തിൽ കോഹ്ലിയും രോഹിത്തും ഇന്ത്യക്കായി കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
എന്നാൽ, ആഗസ്റ്റിൽ നിശ്ചയിച്ചിരുന്ന ബംഗ്ലാദേശ് പര്യടനം അടുത്ത വർഷം സെപ്റ്റംബറിലേക്ക് നീട്ടിവെച്ചത് ആരാധകർക്ക് തിരിച്ചടിയായി. മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്‍റി20 മത്സരങ്ങളുമാണ് ഇന്ത്യ ബംഗ്ലാദേശിൽ കളിക്കാൻ തീരുമാനിച്ചിരുന്നത്. ട്വന്‍റി20, ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇരുവരും ഇന്ത്യക്കായി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.
ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും (ബി.സി.ബി) ബി.സി.സി.ഐയും സംയുക്തമായാണ് മത്സരം നീട്ടിവെക്കാൻ തീരുമാനിച്ചത്. തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങളും മറ്റു അസൗകര്യങ്ങളും കണക്കിലെടുത്താണ് പരമ്പര അടുത്ത വർഷത്തേക്ക് നീട്ടിയതെന്നാണ് വിവരം. ഇതോടെ ആരാധകരുടെ കാത്തിരിപ്പ് ഒക്ടോബറിലേക്ക് നീണ്ടു. ആസ്ട്രേലിയൻ പര്യടനത്തിൽ മൂന്നു ഏകദിനങ്ങളും അഞ്ചു ട്വന്‍റി20 മത്സരങ്ങളുമാണുള്ളത്. പിന്നാലെ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരെയും ഇന്ത്യക്ക് ഏകദിന പരമ്പരകളുണ്ട്.
എന്നാൽ, ബംഗ്ലാദേശ് പര്യടനത്തിനു പകരമായി ആഗസ്റ്റിൽ തന്നെ പുതിയ വൈറ്റ് ബാൾ പരമ്പര നടത്താനുള്ള ആലോചനയിലാണ് ബി.സി.സി.ഐ എന്നാണ് വിവരം. ജൂലൈ 31നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം. അതിനുശേഷം ഒക്ടോബറിൽ നാട്ടിൽ വെസ്റ്റിൻഡീസിനെതിരെ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് നിലവിൽ ഇന്ത്യക്കുള്ളത്. സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പിന്‍റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യ-പാകിസ്താൻ തർക്കമാണ് വേദിയും തീയതിയും തീരുമാനിക്കുന്നതിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. ഏഷ്യ കപ്പ് നീണ്ടുപോയാൽ രണ്ടുമാസത്തെ നീണ്ട ഇടവേള ടീമിനുണ്ടാകും.
ഇത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ശ്രീലങ്കൻ ടീമുമായി വൈറ്റ് ബാൾ പരമ്പര നടത്തുന്നതാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്. ക്രിക്കറ്റ് ശ്രീലങ്കയുമായി ബി.സി.സി.ഐ ചർച്ച നടത്തിയതായാണ് വിവരം. ആഗസ്റ്റിൽ ലങ്കയിൽ മൂന്നുവീതം ഏകദിനങ്ങളും ട്വന്‍റി20 മത്സരങ്ങളും നടത്താനാണ് നീക്കം. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നടക്കേണ്ട 2025 സീസണിലെ ലങ്കൻ പ്രീമിയർ ലീഗ് മാറ്റിവെച്ചതും അനുകൂലമായി. ട്വന്‍റി20യിൽനിന്നും ടെസ്റ്റിൽനിന്നും കോഹ്ലിയും രോഹിത്തും വിരമിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.