ബി.സി.സി.ഐ അധ്യക്ഷൻ: ഗാംഗുലിയെ വെട്ടിയത് അദ്ദേഹം ബി.ജെ.പിയിൽ ചേരാൻ തയാറാകാത്തതിനാലെന്ന് തൃണമൂൽ
text_fieldsകൊൽക്കത്ത: സൗരവ് ഗാംഗുലിയെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് വെട്ടി റോജർ ബിന്നിയെ നിയമിക്കുന്നത് അദ്ദേഹം ബി.ജെ.പിയിൽ ചേരാൻ തയാറാകാത്തതിനാലാണെന്ന് തൃണമൂൽ കോൺഗ്രസ്. ബംഗാളിൽനിന്നുള്ള മുൻ ഇന്ത്യൻ നായകനെ ബി.ജെ.പി അപമാനിക്കാൻ ശ്രമിക്കുന്നതായും നേതാക്കൾ ആരോപിച്ചു.
സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ഗാംഗുലി പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറിയായി രണ്ടാം തവണയും തുടരാമെന്നിരിക്കെ ഗാംഗുലിക്ക് അവസരം നൽകാത്തത് രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണ്.
ഒരു മുതിർന്ന ബി.ജെ.പി നേതാവ് ഈ വർഷം മേയ് മാസത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വീട്ടിൽ അത്താഴത്തിന് പോയിരുന്നു. ആ സാഹചര്യം വിശദീകരിക്കാൻ ഏറ്റവും നല്ല വ്യക്തി സൗരവ് ആണെന്ന് ഞാൻ കരുതുന്നു, അമിത് ഷായെ പരാമർശിച്ച് ഘോഷ് പറഞ്ഞു. എന്തുകൊണ്ടാണ് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രണ്ടാം തവണ ഗാംഗുലിക്ക് ലഭിക്കാത്തതെന്ന് തൃണമൂൽ എം.പി സന്താനു സെൻ ചോദിച്ചു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. "സൗരവ് ഗാംഗുലിയെ പാർട്ടിയിൽ ഉൾപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചത് എപ്പോഴാണെന്ന് ഞങ്ങൾക്ക് അറിയില്ല. സൗരവ് ഗാംഗുലി ഒരു ക്രിക്കറ്റ് ഇതിഹാസമാണ്. ചിലർ ബി.സി.സി.ഐയിലെ മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ മുതലക്കണ്ണീർ പൊഴിക്കുന്നു. അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റപ്പോൾ അവർക്ക് എന്തെങ്കിലും പങ്കുണ്ടായിരുന്നോ. എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നത് തൃണമൂൽ അവസാനിപ്പിക്കണം", ഘോഷ് പറഞ്ഞു.
1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അംഗമായ റോജർ ബിന്നി ചൊവ്വാഴ്ച ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 18ന് മുംബൈയിൽ ബോർഡിന്റെ വാർഷിക പൊതുയോഗം നടക്കുമ്പോൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ജയ് ഷായും നാമനിർദേശ പത്രിക സമർപ്പിച്ചു. മറ്റൊരു സ്ഥാനാർഥി വന്നില്ലെങ്കിൽ തുടർച്ചയായി രണ്ടാം തവണയും ബി.സി.സി.ഐ സെക്രട്ടറിയായി തുടരും. ഐ.സി.സി ബോർഡിൽ ഇന്ത്യയുടെ പ്രതിനിധിയായി ഗാംഗുലിക്ക് പകരം ജയ്ഷാ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാർട്ടിയുടെ പശ്ചിമ ബംഗാൾ ഘടകത്തിൽ നേതൃസ്ഥാനത്തേക്ക് ബി.ജെ.പി എത്തിക്കാൻ ആഗ്രഹിച്ച ആളായിരുന്നു ഗാംഗുലി. മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ ആളെ തേടുന്നതിനാൽ, ഒരു കാലത്ത് ഗാംഗുലി എത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, ക്രിക്കറ്റ് ഭരണത്തിൽ ഒതുങ്ങി താരം രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു.
അമിത് ഷാ ഗാംഗുലിയുടെ വീട്ടിലെത്തിയപ്പോൾ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഷായെ തനിക്ക് വളരെക്കാലമായി അറിയാവുന്നത് കൊണ്ടാണെന്ന് ഗാംഗുലി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.