'ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ സെലക്ടർമാർക്ക് കോഹ്ലിയോട് ആവശ്യപ്പെടാമായിരുന്നു'; അതൃപ്തി പ്രകടിപ്പിച്ച് മുൻ കോച്ച്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ ബി.സി.സി.ഐ ഒഴിവാക്കിയ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കോഹ്ലിയെ നീക്കി രോഹിത് ശർമയെ നായക സ്ഥാനത്ത് അരോധിച്ചതല്ല മറിച്ച് അത് നടപ്പാക്കിയ രീതിയാണ് പലരെയും ചൊടിപ്പിച്ചത്. ഇപ്പോൾ വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ.
കോഹ്ലിയെ മാറ്റാതിരിക്കുകയോ അല്ലെങ്കിൽ പരിമിത ഓവർ ഫോർമാറ്റുകളിൽ നിന്ന് താരത്തോട് നായക സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുകയോ ആയിരുന്നു സെലക്ടർമാർ ചെയ്യേണ്ടിയിരുന്നതെന്നാണ് ശർമ പറയുന്നത്.
ട്വന്‍റി20 ലോകകപ്പ് കഴിഞ്ഞാൽ ഫോർമാറ്റിൽ നായകനായി തുടരുകയില്ലെന്ന് കോഹ്ലി ടൂർണമെന്‍റിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ട്വന്‍റി20 നായകനായി രോഹിത്തിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. എന്നാൽ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ ഏകദിന ടീമിന്‍റെ നായകനായി ഹിറ്റ്മാനെ തെരഞ്ഞെടുത്ത വിവരം ബി.സി.സി.ഐ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
'ഞാൻ ഇതുവരെ അവനുമായി സംസാരിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. അവൻ ടി20 ക്യാപ്റ്റൻസി അവൻ സ്വയം ഒഴിഞ്ഞു. രണ്ട് വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ നിന്നും പിന്മാറാൻ സെലക്ടർമാർ അവനോട് ആവശ്യപ്പെടേണ്ടതായിരുന്നു. അല്ലെങ്കിൽ നായക സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെടണമായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം' -ശർമ പറഞ്ഞു. ഈ വിഷയത്തിൽ ബി.സി.സി.ഐ സ്വീകരിച്ച സമീപനം ശതിയായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്വന്‍റി20, ഏകദിന ടീമുകൾക്ക് വ്യത്യസ്ത നായകൻമാർ വേണ്ടെന്ന സെലക്ടർമാരുടെ തീരുമാനത്തെ തുടർന്നാണ് കോഹലിയെ നീക്കിയതെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവിൽ ടെസ്റ്റ് ടീമിന്‍റെ മാത്രം കപ്പിത്താൻസ്ഥാനമാണ് കോഹ്ലിക്കുള്ളത്. ടെസ്റ്റ് ടീമിന്‍റെ ഉപനായക സ്ഥാനവും രോഹിത്തിന് നൽകിയ ബി.സി.സി.ഐ അതുവഴി കൃത്യമായ മറ്റൊരു സന്ദേശവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.