കേരളത്തിനും പ്രതീക്ഷ? 2022 മുതൽ ഐ.പി.എല്ലിൽ 10 ടീമുകൾ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) തീരുമാനം. വ്യാഴാഴ്ച നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇതിന് അംഗീകാരം ലഭിക്കും. എന്നാൽ അടുത്ത സീസണിൽ എട്ട് ടീമുകളെ വെച്ച് തന്നെയാകും ടൂർണമെന്‍റ് നടക്കുക. 2022 സീസണിലായിരിക്കും രണ്ട് പുതിയ ഫ്രാഞ്ചൈസികൾ കൂടി ഐ.പി.എല്ലിലെത്തുക. ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്തുന്നതോടെ കേരളത്തിലെ ആരാധകരും പ്രതീക്ഷയിലാണ്.
ഐ.പി.എല്ലിൽ പുതിയ ടീമുകളെ ഉൾപെടുത്തുന്ന വിഷയമാണ് അഹ്മദാബാദിൽ നടക്കാൻ പോകുന്ന യോഗത്തിന്‍റെ പ്രധാന അജണ്ടകളിൽ ഒന്ന്. അടുത്ത സീസണിൽ ഒരു പുതിയ ഫ്രാഞ്ചൈസിക്ക് ഒരു മികച്ച ടീം ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിപ്പടുക്കുകയെന്നത് ശ്രമകരമാകുമെന്ന തിരിച്ചറിവിലാണ് ഐ.പി.എല്ലിന്‍റെ വിപുലീകരണം നീട്ടിയതെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ടീമുകളുടെ എണ്ണം കൂട്ടുേമ്പാൾ ഹോം-എവേ അടിസ്ഥാനത്തിൽ 94 മത്സരങ്ങൾ കളിക്കേണ്ടി വരും. ടൂർണമെന്‍റ് പുർത്തീകരിക്കാൻ രണ്ടര മാസമെടുക്കുമെന്നതിനാൽ അന്താരാഷ്ട്ര കലണ്ടറിനെ ബാധിക്കാത്ത രീതിയിലും മികച്ച വിദേശ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതായി വരും.
മുൻ വർഷങ്ങളിൽ 60 മത്സരങ്ങളായിരുന്നു ഓരോ സീസണുകളിലുമുണ്ടായിരുന്നത്. ഇതിനനുസരിച്ച ബ്രോഡ്കാസ്റ്റിങ് ചാർജായിരുന്നു ബി.സി.സി.ഐക്ക് ലഭിച്ചുകൊണ്ടിരുന്നത്. മത്സരം കൂടുന്നതോടെ ഇതും പുനർനിർണയിക്കേണ്ടതായി വരും.
2018-2022 കാലയളവിൽ 16,347.50 കോടി രൂപയാണ് സ്റ്റാർ ഇന്ത്യ ബി.സി.സി.ഐക്ക് നൽകുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കേയും പുതിയ ടീമുകളിൽ കണ്ണുവെച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.