ഐ.പി.എല്ലിൽ പഴയ നിയമം വീണ്ടും നടപ്പാക്കാൻ ബി.സി.സി.ഐ; ധോണിയെ ചെന്നൈയിൽ നിലനിർത്താനോ?
text_fieldsന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ നായകൻ എം.എസ്. ധോണിയെ ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ നിലനിർത്താനുള്ള എല്ലാ തന്ത്രങ്ങളും ടീം മാനേജ്മെന്‍റ് പരിശോധിക്കുന്നുണ്ട്. പുതിയ സീസണു മുന്നോടിയായി ഇത്തവണ മെഗാ താര ലേലമാണ് നടക്കുന്നത്. ഭൂരിഭാഗം താരങ്ങളെയും ടീമുകൾക്ക് കൈവിടേണ്ടി വരും.
ഇതിനിടെയാണ് ഐ.പി.എല്ലിൽ താരങ്ങളുമായി ബന്ധപ്പെട്ട പഴയ നിയമം വീണ്ടും നടപ്പാക്കാൻ ബി.സി.സി.ഐ തയാറെടുക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഐ.പി.എൽ 2025ൽ താരങ്ങളെ നിലനിർത്തുന്നതിനുള്ള അൺക്യാപ്ഡ് നിയമം നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ധോണിയെ ചെന്നൈയിൽതന്നെ നിലനിർത്താൻ വേണ്ടിയാണ് നിയമപരിഷ്കാരമെന്നും വിമർശനമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞവരെ അൺക്യാപ്ഡ് താരമാക്കി മാറ്റുന്ന പരിഷ്‌കാരമാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. നിയമം നടപ്പായാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ധോണിയെ ടീമില്‍ നിലനിര്‍ത്താനാകും.
ഐ.പി.എല്‍ പ്രഥമ സീസണ്‍ മുതല്‍ 2021 വരെ ഈ നിയമം പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികള്‍ ഇത് പ്രയോജനപ്പെടുത്താതെ വന്നതോടെയാണ് 2021ൽ ഇത് നീക്കം ചെയ്തത്. ഈ നിയമം നടപ്പാക്കണമെന്ന് ചെന്നൈ നേരത്തെ തന്നെ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മറ്റു ഫ്രാഞ്ചൈസികളൊന്നും ഇതിനെ പിന്തുണക്കുന്നില്ല. ഈ നിയമം നടപ്പാക്കാന്‍ ചെന്നൈ ബി.സി.സി.ഐ.യോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സി.എസ്.കെ സി.ഇ.ഒ. കാശി വിശ്വനാഥന്‍ അറിയിച്ചത്. അതേസമയം നിയമം നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അണ്‍ക്യാപ്ഡ് നിയമം നടപ്പായാൽ, നാലുകോടി രൂപക്ക് ചെന്നൈക്ക് ധോണിയെ നിലനിര്‍ത്താനാവും. 2022 മെഗാ ലേലത്തില്‍ 12 കോടി രൂപക്കാണ് ധോനിയെ നിലനിർത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനുശേഷം ഐ.പി.എല്ലിൽ മാത്രമാണ് താരം കളിക്കുന്നത്. കഴിഞ്ഞ ഏതാനും സീസണുകൾക്ക് മുന്നോടിയായി താരം ഫ്രാഞ്ചൈസി ക്രിക്കറ്റിനോടും വിടപറയുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരാറുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്‌വാദിന് കൈമാറിയിരുന്നു. ഇതോടെ സീസണോടെ താരം വിരമിക്കുമെന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു. എന്നാൽ, ഇതുവരെ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ സീസണിൽ ഡെത്ത് ഓവറുകളിൽ മാത്രമാണ് താരം കളിക്കാനിറങ്ങിയത്. 220.54 സ്ട്രൈക്ക് റേറ്റിൽ 161 റൺസാണ് താരം നേടിയത്. 53.66 ആയിരുന്നു ശരാശരി. അതേസമയം, ബി.സി.സി.ഐ ഇതുവരെ താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.