രോഹിത്തിനൊപ്പം കോഹ്‌ലിയും പടിയിറങ്ങും? ബി.സി.സി.ഐ എക്സിറ്റ് പ്ലാൻ തയാറാക്കണമെന്ന് മുൻ താരം
text_fieldsസിഡ്നി ടെസ്റ്റിനു പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ വിരമിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സൂപ്പർ താരം വിരാട് കോഹ്‌ലിയും വൈകാതെ ടെസ്റ്റ് നിർത്തുമെന്ന അഭ്യൂഹം ശക്തമാകുന്നു. ആസ്ട്രേലിയക്കെതിരെ ഇരുവരുടെയും പ്രകടനം ഏറെ മോശമായതിനു പിന്നാലെയാണ് സീനിയർ താരങ്ങൾ ടീമിന് ബാധ്യതയാകുന്നുവെന്ന അഭിപ്രായം ശക്തമായത്. ഫോം കണ്ടെത്താനാകാതെ ഇരുവരും ഉഴറുന്നതിനിടെ, കോഹ്‌ലിക്കായി ബി.സി.സി.ഐ എക്സിറ്റ് പ്ലാൻ തയാറാക്കണെമന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം അതുൽ വാസൻ.
“വിരാട് ഇപ്പോൾ റൺ കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഓരോ ഇന്നിങ്സിലും പ്രതീക്ഷയോടെയാണ് താരങ്ങൾ കളത്തിലിറങ്ങുന്നത്. നല്ല സ്കോർ നേടാമെന്ന് കരുതി ഇറങ്ങുമ്പോഴും ഫലം മോശമാകുന്നു. ഇത് ടീമിനും വേദന നൽകുന്ന കാര്യമാണ്. പിന്നാലെ കളി നിർത്തണമെന്ന സമ്മർദം പുറത്തുനിന്ന് ഉണ്ടാകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവർക്കും മനസ്സിലാകുന്നുണ്ടാകണം. ഒരു എക്സിറ്റ് പ്ലാൻ ബി.സി.സി.ഐ തയാറാക്കണമെന്നാണ് എനിക്ക് തോന്നുന്നത്” -അതുൽ വാസൻ പറഞ്ഞു.
36കാരനായ കോഹ്‌ലി, കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ടി20 ലോകകപ്പിനു പിന്നാലെ താരം കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഇതിനു വിരുദ്ധമായി രണ്ടക്കം തികക്കാൻ പാടുപെടുന്ന കോഹ്‌ലിയെയാണ് ഓസീസ് മണ്ണിൽ കണ്ടത്. അഞ്ച്, 100*, ഏഴ്, 11, മൂന്ന്, 36, അഞ്ച് എന്നിങ്ങനെയാണ് താരത്തിന് അവസാന ഏഴ് ഇന്നിങ്സിൽ സ്കോർ ചെയ്യാനായത്. പോയ കലണ്ടർ വർഷം ആകെ നേടിയത് ഒറ്റ സെഞ്ച്വറിയാണ്.
യശസ്വി ജയ്സ്വാളും നിതീഷ് കുമാർ റെഡ്ഡിയും ഉൾപ്പെടെയുള്ള യുവതാരങ്ങൾ അവസരത്തിനൊത്ത് ഉയരുമ്പോൾ, സീനിയർ താരങ്ങളെ പിടിച്ചുനിർത്തുന്നത് ശരിയല്ലെന്ന വാദവും ശക്തമാണ്. മൂന്നാം ടെസ്റ്റിന് പിന്നാലെ സ്പിന്നർ ആർ. അശ്വിൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. സ്വയം മനസ്സിലാക്കി രോഹിത്തും കോഹ്‌ലിയും ഇതേ പാത സ്വീകരിക്കണമെന്ന് വാദിക്കുന്നവരും കുറവല്ല. ഓസീസ് പര്യടനത്തിനു പിന്നാലെ ഇരുവരും ടെസ്റ്റ് മതിയാക്കി ഏകദിനത്തിൽ മാത്രം തുടരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയോടെ പുതിയ തലമുറക്ക് നേതൃത്വം കൈമാറുമെന്നും അഭ്യൂഹമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.