സ്കോട്ലൻഡിനെ എട്ട് വിക്കറ്റിന് തകർത്തു; സെമി പ്രതീക്ഷ നിലനിർത്തി ഇന്ത്യ
text_fieldsഈ കളിമികവും കണ്ണഞ്ചും പ്രകടനവും രണ്ടു കളി മുമ്പ് പുറത്തെടുക്കാനായിരുന്നെങ്കിൽ! സ്കോട്ലൻഡിനെ ചിത്രവധം നടത്തി എട്ടു വിക്കറ്റ് ജയവുമായി ആഘോഷം കൊഴുപ്പിച്ച ഇന്ത്യൻ ടീമിനെ കണ്ട് ആരാധകർ ഇതിലേറെ എന്തു പറയാൻ. എതിരാളികൾക്കു മുന്നിൽ ആദ്യം ദയനീയമായി മുട്ടമടക്കുകയും തൊട്ടുപിറകെ എത്ര കരുത്തരായാലും വീഴ്ത്താൻ തങ്ങളൊരുങ്ങിയെന്ന് വിളംബരം നടത്തുകയും ചെയ്യുന്ന ടീമിനെയായിരുന്നു സ്കോട്ലൻഡിനെതിരെ കണ്ടത്. ജയത്തോടെ പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന ഇന്ത്യക്ക് ഇനി ന്യൂസിലൻഡ്-അഫ്ഗാൻ മത്സരം വരെ കാത്തിരിക്കണം.
അഫ്ഗാനിസ്താൻ ന്യൂസിലൻഡിനെ വീഴ്ത്തുകയും റൺറേറ്റ് തുണക്കുകയും ചെയ്താൽ ഇന്ത്യക്ക് സെമി കടക്കാം. സെമി സ്വപ്നങ്ങളിലേക്ക് ദൂരമേറെയുണ്ടെങ്കിലും ആഞ്ഞുപിടിച്ചാൽ വല്ലതും സംഭവിച്ചാലോ എന്ന മനക്കോട്ടയുമായിട്ടായിരുന്നു സ്കോട്ലൻഡിനെതിരെ ഇന്ത്യ ഇറങ്ങിയത്. നിരാശപ്പെടുത്തുന്ന തോൽവികൾക്കൊടുവിൽ അഫ്ഗാൻ കരുത്തിനെ 66 റൺസിന് വീഴ്ത്തിയവർ സ്കോട്ലൻഡിനെതിരെയും അതേവീര്യത്തോടെ കളി നയിച്ചു.
ആദ്യം ബൗളർമാരും പിന്നീട് രാഹുൽ-രോഹിത് സഖ്യവും മൈതാനം നിറഞ്ഞപ്പോൾ എതിരാളികൾ ചിത്രത്തിലില്ലാത്തപോലെയായി ഇന്നലെയും. ബാറ്റിങ് തുടങ്ങിയ സ്കോട്ലൻഡ് ബുംറ എറിഞ്ഞ ആദ്യം ഓവറിൽ എട്ടു റൺസുമായി വിറപ്പിച്ചെങ്കിലും അതിവേഗം കീഴടങ്ങൽ പ്രഖ്യാപിച്ചു. ബുംറ തന്നെയെറിഞ്ഞ മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. റൺ വിട്ടുനൽകുന്നതിൽ പിശുക്കിയ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ സ്കോട്ലൻഡ് ഇന്നിങ്സ് ഒച്ചിഴയും വേഗത്തിലായി. 10 ഓവർ പൂർത്തിയായിട്ടും അർധ സെഞ്ച്വറി കടത്താനാകാതെ വിഷമിച്ച ടീമിന് അപ്പോഴേക്ക് നഷ്ടമായത് നാലു വിലപ്പെട്ട വിക്കറ്റുകൾ.
അതോടെ, പ്രതിരോധത്തിലായ സ്കോട്ലൻഡ് ബാറ്റർമാർ കരുതൽ കൂട്ടിയപ്പോൾ റൺ ഒഴുകിയില്ലെന്നു മാത്രമല്ല, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുംവീണു. ഇന്നിങ്സ് 18 ഓവറിലെത്തുേമ്പാൾ സ്കോട്ലൻഡ് 85 റൺസുമായി മടക്കം പൂർത്തിയാക്കിയിരുന്നു. 3.4 ഓവർ എറിഞ്ഞ് 10 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത ബുംറ ആയിരുന്നു സ്കോട്ലൻഡിെൻറ അന്തകൻ. എറിഞ്ഞ ആദ്യ ഓവറിൽ റൺ വിട്ടുനൽകുന്നതിൽ ധാരാളിത്തം കാട്ടിയ മുഹമ്മദ് ഷമി പിന്നീട് മൂന്നു വിക്കറ്റുകളുമായി കടം വീട്ടി. രവീന്ദ്ര ജദേജയും മൂന്നുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവശേഷിച്ചയാളെ അശ്വിനും മടക്കി.
ലളിതമായ ടോട്ടൽ മുന്നിൽനിർത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി കെ.എൽ. രാഹുലും രോഹിത് ശർമയും നടത്തിയത് അത്യാവേശകരമായ വെടിക്കെട്ട്. 18 പന്ത് മാത്രം നേരിട്ട് അർധ സെഞ്ച്വറിയുമായി റെക്കോഡിട്ട താരം അടുത്ത പന്തിൽ ഉയർത്തിയടിച്ച് ക്യാച് നൽകി മടങ്ങി. മൂന്നു സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു രാഹുൽ പൂരം.
അതേ മികവോടെ മറുവശത്ത് തിളങ്ങിയ രോഹിത് 16 പന്തിൽ 30 റൺസുമായി ടീമിെൻറ വിജയമുറപ്പിച്ചു. വീലിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രോഹിത് കൂടാരം കയറിയത്. വിജയ പ്രഖ്യാപനം മാത്രമായിരുന്നു രാഹുലിെൻറ പിൻഗാമിയായി മൈതാനത്തെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിയോഗം.
സൂപ്പർ 12 ഗ്രൂപ്പ് 2ൽ ഇന്ത്യ ഇപ്പോൾ മൂന്നാംസ്ഥാനത്താണ്. നാല് മത്സരത്തിൽ എട്ട് പോയിന്‍റ് നേടി പാകിസ്താൻ സെമിയിൽ എത്തിയിട്ടുണ്ട്. നാല് മത്സരങ്ങളിൽനിന്ന് മൂന്ന് ജയം നേടി ആറ് പോയിന്‍റുമായി ന്യൂസിലാൻഡ് രണ്ടാമതുണ്ട്. നാല് പോയിന്‍റുമായി ഇന്ത്യ മൂന്നാമതാണ്. അതേസമയം, റൺറേറ്റിൽ ഇന്ത്യ (+1.619) ന്യൂസിലാൻഡിനേക്കാളും (+1.277) അഫ്ഗാനിസ്താനേക്കാളും (+1.481) മുന്നിലാണ്. അഫ്ഗാൻ x ന്യൂസിലാൻഡ് മത്സരമാകും ഇന്ത്യയുടെ വിധി നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.