ഒരോവറിൽ 6,6,6,6,6,4; മത്സരത്തിൽ 17 സിക്സുകൾ; വെടിക്കെട്ടുമായി ബെൻ സ്റ്റോക്സ്
text_fieldsലണ്ടൻ: ടെസ്റ്റ് ടീമിന്റെ നായകപ്പട്ടമേറിയതിനു പിറകെ ഇംഗ്ലീഷ് മനസ്സുകളിൽ തിരിച്ചുവരവിന്റെ ആരവമുയർത്തിയ ബെൻ സ്റ്റോക്സ് ശരിക്കും അർമാദിച്ച ദിനമായിരുന്നു വെള്ളിയാഴ്ച. ഡർഹാമിനായി ഇറങ്ങിയ താരം 17 സിക്സുകളും ഒരോവറിൽ 34ഉം ഉൾപ്പെടെ തകർപ്പൻ വെടിക്കെട്ടുമായാണ് കൗണ്ടി ക്രിക്കറ്റിൽ പുതിയ റെക്കോഡിട്ടത്. 64 പന്തിൽ സെഞ്ച്വറി തികച്ച ബെൻ ഉടനീളം മിന്നുംഫോമുമായി 161 റൺസ് അടിച്ചെടുത്താണ് മടങ്ങിയത്.
രാവിലെ സ്കോട് ബോർത്‍വിക് മടങ്ങിയ ഒഴിവിലായിരുന്നു ബെൻ സ്റ്റോക്സ് എത്തുന്നത്. ഇന്നിങ്സിലെ 10ാം സിക്സടിച്ച് സെഞ്ച്വറി തൊട്ട താരം അതുകഴിഞ്ഞും റൺദാഹം നിർത്തിയില്ല. അതിനിടെ, 18കാരനായ ജോഷ് ബേകർ എറിഞ്ഞ ഓവറിലായിരുന്നു ശരിക്കും കൊലയാളി വേഷമണിഞ്ഞത്. ആദ്യ അഞ്ചു പന്തും കൂറ്റൻ സിക്സ് പറത്തിയതിനു പിറകെ അവസാന പന്തിൽ ഫോറും കുറിച്ചു. കൗണ്ടിയിൽ തുടർച്ചയായ അഞ്ചു സിക്സ് പറത്തുന്ന രണ്ടാമത്തെ കളിയാണ് ബെന്നിന് ഇത്. 2011ൽ ഹാംഷയറിനെതിരെയായിരുന്നു ആദ്യത്തേത്.
കഴിഞ്ഞ വർഷം ജൂലൈക്കു ശേഷം ആദ്യമായാണ് ബെൻ കൗണ്ടി ചാമ്പ്യൻഷിപ് കളിക്കുന്നത്. അടുത്ത മാസം ന്യൂസിലൻഡിനെതിരായ പരമ്പരയോടെ ഇംഗ്ലീഷ് ടീമിന്റെ നായകപദവിയിൽ ജോ റൂട്ടിന്റെ പിൻഗാമിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.