251 ദിവസത്തിനിടെ ആദ്യമായി പന്തെറിഞ്ഞ് ബെൻ സ്റ്റോക്സ്; ആദ്യ പന്തിൽ രോഹിത് ബൗൾഡ്! കോരിത്തരിച്ച് സഹതാരങ്ങൾ -വിഡിയോ വൈറൽ
text_fieldsധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാംദിനത്തിൽ നായകൻ രോഹിത് ശർമയുടെയും ശുഭ്മൻ ഗില്ലിന്‍റെയും സെഞ്ച്വറി പ്രകടനങ്ങളാണ് ആതിഥേയർക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്.
രോഹിത് 162 പന്തിൽ 103 റൺസെടുത്തും ഗിൽ 150 പന്തിൽ 110 റൺസെടുത്തുമാണ് പുറത്തായത്. ഇരുവരും രണ്ടാം വിക്കറ്റിൽ 171 റൺസ് സ്കോർബോർഡിൽ ചേർത്താണ് പിരിഞ്ഞത്. രണ്ടാംദിനത്തിൽ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചിരിക്കെ, പരമ്പരയിൽ ആദ്യമായി പന്തെറിയാനെത്തിയ നായകൻ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകുന്നത്. സ്റ്റോക്സ് എറിഞ്ഞ 62ാം ഓവറിലെ ആദ്യ പന്തിൽ തന്നെ രോഹിത് ബൗൾഡായി. താരത്തിന്‍റെ ഒരു ഔട്ട് സ്വിങ്ങറിലാണ് രോഹിത്തിന്‍റെ കുറ്റി തെറിക്കുന്നത്. 251 ദിവസത്തിനിടെ ഇംഗ്ലണ്ടിനായി ആദ്യമായാണ് സ്റ്റോക്സ് പന്തെറിയുന്നത്.
നീണ്ട ഇടവേളക്കുശേഷം എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽതന്നെ രോഹിത്തിനെ സ്റ്റോക്സ് ബൗൾഡാക്കിയതിന്‍റെ ഞെട്ടലും സന്തോഷവും സഹതാരങ്ങളുടെ മുഖത്ത് പ്രകടമായിരുന്നു. മാർക്ക് വുഡ് തലയിൽ ഇരുകൈകളും വെച്ച് ചിരിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൂന്നു സിക്സും 13 ഫോറുമടങ്ങുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്സ്. ഇന്ത്യക്കായി ഓപ്പണർ യശസ്വി ജയ്സ്വാളും (58 പന്തിൽ 57) അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലും (103 പന്തിൽ 65) സർഫറാസ് ഖാനും (60 പന്തിൽ 56) അർധ സെഞ്ച്വറി നേടി.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 473 റൺസെടുത്തിട്ടുണ്ട്. 255 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായി. 27 റൺസുമായി കുൽദീപ് യാദവും 19 റൺസുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസിൽ. സന്ദർശകർക്കായി യുവ സ്പിന്നർ ശുഐബ് ബഷീർ നാലു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 218 റൺസിൽ അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.