ഡൽഹിയെ 47 റൺസിന് വീഴ്ത്തി; തുടർച്ചയായ അഞ്ചാം ജയവുമായി ബംഗളൂരു
text_fieldsബംഗളൂരു: ഐ.പി.എല്ലിലെ നിർണായകമായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് വീഴ്ത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ ഇന്നിങ്സ് 19.1 ഓവറിൽ140 റൺസിലവസാനിച്ചു.
39 പന്തിൽ 59 റൺസുമായി ഒറ്റയാൾ പോരാട്ടം നടത്തിയ നായകൻ അക്ഷർ പട്ടേലാണ് ഡൽഹിയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഫ്രേസർ മാക്ഗർക് (21), ഷായ് ഹോപ് (29), റാഷിഖ് സലാം (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. യാഷ് ദയാൽ മൂന്നും ലോക്കി ഫെർഗൂസൻ രണ്ടും വിക്കറ്റ് വീഴ്ത്തി. ബംഗളൂരുവിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്.
ജയത്തോടെ ബംഗളൂരു പ്ലേ ഓഫ് പ്രതീക്ഷയിലേക്ക് ഒരു പടികൂടി അടുത്തു. ഒരു മത്സരം മാത്രം ബാക്കിയുള്ള ബംഗളൂരുവിനും ഡൽഹിക്കും 12 പോയിന്റാണെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
നേരത്തെ 32 പന്തിൽ 52 റൺസ് നേടിയ രജത് പട്ടിദാറും 29 പന്തിൽ 41 റൺസ് നേടിയ വിൽ ജാക്സുമാണ് ബംഗളൂരുവിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് ഓപണർ വിരാട് കോഹ്‌ലി മികച്ച തുടക്കം നൽകിയെങ്കിലും സഹ ഓപണറും ക്യാപ്റ്റനുമായ ഫാഫ് ഡുപ്ലിസിസിന് താളം കണ്ടെത്താനായില്ല. ആറ് റൺസെടുത്ത ഡുപ്ലിസിസിനെ മുകേഷ് കുമാർ മടക്കി. 13 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 27 റൺസെടുത്ത കോഹ്‌ലിക്ക് ഇഷാന്ത് ശർമ തടയിട്ടു. അഭിഷേക് പൊരേൽ പിടിച്ചു.
പട്ടിദാർ (52) റാഷിക് സലാമിന് വിക്കറ്റ് നൽകി മടങ്ങി. കുൽദീപ് യാദവിന്റെ പന്തിൽ വിൽ ജാക്സും വീണു. കൂറ്റനടികളുമായി നിലയുറപ്പിച്ച കാമറൂൺ ഗ്രീനിന് പിന്തുണ നൽകാതെ മറുവശത്ത് തുടരെ തുടരെ വിക്കറ്റുകൾ വീണു. മഹിപാൽ ലംറോർ (13), ദിനേഷ് കാർത്തിക് (0), സ്പനിൽ സിങ് (0), കരൺ ശർമ (6) മുഹമ്മദ് സിറാജ് (0) എന്നിവർ പുറത്തായി. 24 പന്തിൽ 32 റൺസുമായി ഗ്രീൻ പുറത്താവാതെ നിന്നു. ഖലീൽ അഹമ്മദ്, റാഷിഖ് സലാം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.