ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; കോൾഡ് പ്ലേയുടെ 'പിച്ചിലും' താരമായി ബുംറ!
text_fieldsലോകപ്രശസ്ത മ്യൂസിക്ക് ബാൻഡ് കോൾഡ്പ്ലേയുടെ അഹമ്മദാബാദിലെ കൺസേർട്ടിലും താരമായി ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ. ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് ശേഷം ആദ്യമായാണ് ബുംറ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. രാജകീയ വരവേൽപ്പാണ് ബുംറക്ക് കോൾഡ്പ്ലേയും കാണികളും നൽകിയത്.
കരിയറിന്‍റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ബുംറക്ക് വേണ്ടി കോൾഡ് പ്ലേയുടെ പ്രധാന ഗായകനായ ക്രിസ് മാർട്ടിൻ ഒരു പാട്ട് സമർപ്പികയുണ്ടായി. വമ്പൻ റെസ്പോൺസാണ് ഇതിന് ക്രൗഡ് നൽകിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കോൾഡ് പ്ലേയുടെ സംഗീത നിശ ഇത്തവണ അരങ്ങേറിയത്. സ്റ്റേജിൽ ബുംറയുടെ ടെസ്റ്റ് ജേഴ്സി കാഴ്ചവെച്ചാണ് കോൾഡ്പ്ലേ പരിപാടി നടത്തിയത്. പിന്നീട് ബുംറയെ വലിയ സ്ക്രീനിൽ കാണിച്ചപ്പോൾ കാണികൾ ഒന്നടങ്കം താരത്തിന് വേണ്ടി ആർപ്പുവിളിച്ചു.
ഇതിന് മുമ്പ് മുംബൈയിൽ നടന്ന പരിപാടിയിൽ ബുംറ സ്റ്റേജിന്‍റെ പുറകിലുണ്ടെന്ന് ക്രിസ് മാർട്ടിൻ തമാശ രുപേണ പറഞ്ഞിരുന്നു. കുറച്ച് നേരം പാട്ടുനിർത്തേണ്ടി വരും, ബുംറ സ്റ്റേജിന്‍റെ പുറകിലുണ്ട് എനിക്ക് അദ്ദേഹത്തിന് ബൗൾ എറിയേണ്ടതുണ്ട് എന്നായിരുന്നു മാർട്ടിൻ അന്ന് പറഞ്ഞത്. ബുംറ ഇംഗ്ലണ്ട് ബൗളർമാരുടെ വിക്കറ്റുകൾ എറിഞ്ഞിടുന്ന വീഡിയോ കട്ടുകളും കോൾഡ് പ്ലേ പ്രദർശിപ്പിച്ചു. കോൾഡ്പ്ലേക്ക് നന്ദി അറിയിച്ച് ബുംറയും രംഗത്തെത്തി.
അതേസമയം ഐ.സി.സിയുടെ 2024ലെ മികച്ച ടെസ്റ്റ് താരമായി ബുംറയെ തെരഞ്ഞെടുത്തു. പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുംറ. ശ്രീലങ്കയുടെ കമുന്ദു മെൻഡിസ്, ഇംഗ്ലിഷ് താരങ്ങളായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് ബുംറയുടെ പുരസ്കാര നേട്ടം. പോയ വർഷം 13 ടെസ്റ്റിൽ 357 ഓവർ പന്തെറിഞ്ഞ ബുംറ 71 വിക്കറ്റാണ് പിഴുതത്. കലണ്ടർ വർഷം 70ലേറെ വിക്കറ്റ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ, കപിൽ ദേവ്, അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.