ഇന്ത്യക്ക് ഇനി ‘ഗംഭീര കോച്ചിങ്’?
text_fieldsമുംബൈ: 2024 ട്വന്റി20 ലോകകപ്പോടെ കാലാവധി തീരുന്ന ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ഓപണറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേശകനുമായ ഗൗതം ഗംഭീർ കോച്ചായി സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ അവസാനത്തോടെ ഗംഭീർ ബി.സി.സി.ഐയുമായി കരാറിൽ ഒപ്പുവെച്ചേക്കും. തനിക്ക് ആവശ്യമുള്ള സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഗംഭീറിന് ലഭിക്കും. 2027ൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് കരാർ കലാവധി. ദ്രാവിഡിന്റെ കാലാവധി തീരുന്നതോടനുബന്ധിച്ച് അടുത്ത കോച്ച് ആരാവുമെന്നുള്ള ചൂടുള്ള ചർച്ചകളിൽ ഗംഭീറിന്റെ പേര് ഇടംപിടിച്ചിരുന്നു. നിലവിൽ ഐ.പി.എൽ ജേതാക്കളായ കൊൽക്കത്തയുടെ വിജയത്തിനുപിന്നിൽ ഗംഭീറിന്റെ പങ്ക് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനുള്ള സ്ഥാനത്തേക്കുള്ള ചവിട്ടുപടികൂടിയായി മാറി. ചെന്നൈയിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുമുള്ള ദീർഘസംഭാഷണം കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിച്ചു. സപ്പോർട്ട് താരങ്ങളെ സ്വന്തമായി തിരഞ്ഞെടുക്കാനുള്ള ചുമതലയടക്കം ഗംഭീർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് തീരുമാനം ഏകദേശം ഉറപ്പായതെന്ന് ‘ദൈനിക് ഭാസ്കർ’ റിപ്പോർട്ട് പറയുന്നു. ‘‘ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ എനിക്കിഷ്ടമാണ്. നിങ്ങളപ്പോൾ 140 കോടി ഇന്ത്യക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്’’-42കാരന്റെ വാക്കുകൾ. 2007ൽ ട്വന്റി20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും ഇന്ത്യ മുത്തമിടുമ്പോൾ ഗംഭീറും ടീമംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.