‘ബിഗ് ബെൻ, ബിഗ് േഫ്ലാപ്പ്’; 10 ഇന്നിങ്സിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ നേടിയത് 199 റൺസ്
text_fieldsധരംശാല: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അമ്പേ പരാജയമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. അഞ്ച് ടെസ്റ്റിലെ പത്ത് ഇന്നിങ്സുകളിലും ബാറ്റിങ്ങിനിറങ്ങിയ ‘ബിഗ് ബെൻ’ സ്വന്തമാക്കിയത് 199 റൺസ് മാത്രമാണ്. അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ റൺസൊന്നുമെടുക്കാതെ കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിന് മുമ്പിൽ കുടുങ്ങിയ സ്റ്റോക്സ്, രണ്ടാം ഇന്നിങ്സിൽ രണ്ട് റൺസെടുത്ത് നിൽക്കെ അശ്വിന്റെ പന്തിൽ സ്റ്റമ്പ് തെറിച്ച് മടങ്ങി.
ടെസ്റ്റിൽ പതിമൂന്നാം തവണയാണ് അശ്വിൻ സ്റ്റോക്സിനെ പുറത്താക്കുന്നത്. ഇതോടെ പാകിസ്താൻ താരം മുദസ്സർ നാസറിനെ 12 തവണ പുറത്താക്കിയ കപിൽ ദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോഡും അശ്വിൻ സ്വന്തമാക്കി. 70, 6, 47, 11, 41, 15, 3, 4, 0, 2 എന്നിങ്ങനെയാണ് പരമ്പരയിലെ സ്റ്റോക്സിന്റെ സ്കോർ. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നേടിയ 70 റൺസാണ് പരമ്പരയിലെ ഏക അർധസെഞ്ച്വറി. മികച്ച ആൾറൗണ്ടറായ സ്റ്റോക്സ് അഞ്ചാം ടെസ്റ്റിലാണ് ആദ്യമായി പന്തെറിഞ്ഞത്. ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെ മടക്കിയെങ്കിലും പിന്നീട് വിക്കറ്റൊന്നും നേടാനായില്ല.
പരമ്പരയിലെ ആദ്യ മത്സരം ജയിച്ചുതുടങ്ങിയ ഇംഗ്ലണ്ടിന് തുടർന്നുള്ള നാല് ടെസ്റ്റുകളിലും തോൽക്കേണ്ടി വന്നത് നായകനെന്ന നിലയിലും ബെൻ സ്റ്റോക്സിന് കനത്ത തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.