ഇന്ത്യക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിൽ സ്റ്റാർ പേസർ കളിച്ചേക്കില്ല
text_fieldsദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ഇന്ത്യൻ ടീം. ട്വന്‍റി20 പരമ്പരക്കു പിന്നാലെ മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. വിശ്രമത്തിലുള്ള മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ടെസ്റ്റ് മത്സരത്തിനായി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തും.
ദക്ഷിണാഫ്രിക്കാൻ മണ്ണിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ സ്വപ്നത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരിക്കുകയാണ്. സ്റ്റാർ പേസർ മുഹമ്മദ് ഷമി കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ടെസ്റ്റ് ടീമിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയാണ് ടെസ്റ്റ് മത്സരങ്ങൾക്കായുള്ള സ്ക്വാഡിലെ ബാക്കി താരങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നത്.
സംഘത്തിനൊപ്പം ഷമിയുണ്ടാകില്ലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. കണങ്കാലിലെ വേദനയും സഹിച്ചാണ് താരം ലോകകപ്പ് കളിച്ചത്. ലീഗ് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്ന താരം, പിന്നീടുള്ള മത്സരങ്ങളിൽ അവിശ്വസനീയ ബൗളിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായി.
താരത്തിന്‍റെ അസാന്നിധ്യം ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് സ്ക്വഡിലുള്ള മറ്റു ഫൗസ്റ്റ് ബൗളർമാർ. പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ, ശാർദുൽ ഠാകൂർ എന്നിവരാണ് ടീമിലുള്ള ബാക്കി പേസർമാർ. ഷമിക്ക് കളിക്കാനായില്ലെങ്കിൽ പകരക്കാരനായി പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. ഡിസംബർ 26ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ജനുവരി ഏഴിന് കേപ് ടൗണിൽ രണ്ടാം ടെസ്റ്റും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.